മൂന്ന് ദൗത്യങ്ങള്‍, ഒറ്റ റോക്കറ്റ്; സൂര്യനെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ വമ്ബൻ ദൗത്യങ്ങളുമായി നാസ
സൗരയൂഥത്തിലുടനീളം സുര്യന്റെ സ്വാധീനമെന്താണെന്ന് പഠിക്കുന്നതിനായി സെപ്റ്റംബറില്‍ മൂന്ന് പര്യവേക്ഷണ ദൗത്യങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ.ഇന്റർസ്റ്റെല്ലാർ മാപ്പിങ് ആന്റ് ആക്സലറേഷൻ പ്രോബ് (IMAP), കറൂതേഴ്സ് ജിയോകൊറോണ ഒബ്സർവേറ്ററി (Carruthers Geocorona Observa-tory), സ്പേസ് വെതർ ഫോളോ ഓണ്‍-ലാഗ്റേഞ്ച് 1 (SWF-O-L1) എന്നീ ദൗത്യങ്ങളാണ് വിക്ഷേപിക്കുന്നത്.
നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്റ്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഈ മൂന്ന് ദൗത്യങ്ങളും ഒരുമിച്ചാണ് വിക്ഷേപിക്കുക.
IMAP | Photo: NASA
ഇന്റർസ്റ്റെല്ലാർ മാപ്പിങ് ആന്റ് ആക്സലറേഷൻ പ്രോബ് (IMAP)
ഹീലിയോസ്ഫിയറിന്റെ അതിർത്തിയെ കുറിച്ച് പഠിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന ചാർജുള്ള കണങ്ങളടങ്ങിയ സൗരക്കാറ്റിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട ഒരു കുമിളയ്ക്ക് സമാനമായ സൗരയൂഥത്തിന്റെ സംരക്ഷണ കവചമാണ് ഹീലിയോസ്ഫിയർ. ഹീലിയോ സ്ഫിയറിന് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് കൂടുതലറിയാൻ ഈ ദൗത്യം സഹായകമാവും. 30 ഇരട്ടി കൃത്യതയില്‍ ഉയർന്ന റസലൂഷനിലുള്ള അളവുകള്‍ നല്‍കാൻ ഇതിന് സാധിക്കും.
Carruthers Geocorona Observatory | Photo: NASA
കാറൂത്തേഴ്സ് ജിയോകൊറോണ ഒബ്സർവേറ്ററി
ഡോ. ജോർജ് കാറൂത്തേഴ്സിന്റെ പേര് നല്‍കിയിരിക്കുന്ന ചെറു ഉപഗ്രഹമാണിത്. ഭൗമാന്തരീക്ഷത്തിന്റെ ബാഹ്യപാളിയായ എക്സോസ്ഫിയറിനെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ചന്ദ്രനില്‍ നിന്ന് ഭൂമിയുടെ എക്സോസ്ഫിയറിന്റെ ചിത്രം പകർത്തിയ ആദ്യ ദൂരദർശിനി നിർമിച്ച വ്യക്തിയാണ് ഡോ. ജോർജ് കാറൂത്തേഴ്സ്. ഭൂമിയ്ക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ സ്ഥാപിക്കുന്ന ആദ്യ ദൂരദർശിനിയും ഇതാണ്.
SWFO-L1 | Photo: NASA
സ്പേസ് വെതർ ഫോളോ ഓണ്‍ – ലാഗ്റേഞ്ച് 1 (SWFO-L1)
നാഷണല്‍ ഓഷ്യനാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) ദൗത്യമാണിത്. ബഹിരാകാശ കാലാവസ്ഥ തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള NOAAയുടെ ആദ്യ ഉപഗ്രഹ ദൗത്യമാണിത്. സൗരക്കാറ്റിനെ നിരന്തരം നിരീക്ഷിക്കാനും അത് ഭൂമിയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാനും ഈ ദൗത്യത്തിന് സാധിക്കും.