ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന്, അതായത് ഇന്ന് നടക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത് ‘രക്തചന്ദ്രന്‍റെ’ (Blood Moon) അത്ഭുതകരമായ കാഴ്‌ച ദൃശ്യമാകും. സെപ്റ്റംബർ 7ന് രാത്രിയിൽ ഈ ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. ഇത് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഒരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ ഗ്രഹണം ആകെ 82 മിനിറ്റ് നീണ്ടുനിൽക്കും.
ഇന്ത്യയിൽ ചന്ദ്രഗ്രഹണം എപ്പോൾ ആരംഭിക്കും? അവസാനിക്കും?
സെപ്റ്റംബർ 7ന് ഇന്ത്യൻ സമയം രാത്രി 09:58ന് ചന്ദ്രഗ്രഹണം ആരംഭിക്കും. സെപ്റ്റംബർ 8ന് പുലർച്ചെ 01:26ന് ഇത് അവസാനിക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ ചന്ദ്രഗ്രഹണം ഇത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 11നും 12:22നും ഇടയിലായിരിക്കും. ഈ ഗ്രഹണം ഏകദേശം 3 മണിക്കൂർ 29 മിനിറ്റ് നീണ്ടുനിൽക്കും, പൂർണ്ണ ചന്ദ്രഗ്രഹണത്തിന്‍റെ ദൈർഘ്യം 1 മണിക്കൂർ 22 മിനിറ്റാണ്. രാത്രി 11 മണി മുതൽ രക്തചന്ദ്രന്‍റെ കാഴ്‌ച ദൃശ്യമാകും. ഈ ഗ്രഹണം രാത്രി 11:42ന് അതിന്‍റെ ഉച്ചസ്ഥായിയിലെത്തും.
ഇന്ത്യയിൽ ചന്ദ്രഗ്രഹണം എവിടെ കാണണം?
ആകാശം തെളിഞ്ഞിരിക്കുകയാണെങ്കിൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഈ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അത് കാണാൻ നിങ്ങൾ വിദൂരമായോ ഉയർന്ന സ്ഥലങ്ങളിലോ ആയിരിക്കേണ്ടതില്ല. ദില്ലി, മുംബൈ, കൊൽക്കത്ത, പൂനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങൾക്കെല്ലാം ബ്ലഡ് മൂണിന്‍റെ വ്യക്തമായ കാഴ്‌ച ലഭിക്കും. ഇന്ത്യൻ സമയം രാത്രി 11:00നും 12:22നും ഇടയിൽ (നിങ്ങൾ എവിടെയാണെന്നതിനെ ആശ്രയിച്ച് സമയത്തിൽ ചെറിയ വ്യത്യാസങ്ങൾ മാത്രം) ചന്ദ്രൻ കടും ചുവപ്പ് നിറത്തിൽ ദൃശ്യമാകും.
എങ്കിലും, പ്രകാശ, വായു മലിനീകരണം കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് പൂര്‍ണ ചന്ദ്രഗ്രഹണം കൂടുതൽ ആകർഷകമാക്കും. ഫോട്ടോഗ്രാഫർമാർക്കും നക്ഷത്രനിരീക്ഷണ പ്രേമികൾക്കും അത്തരം സാഹചര്യങ്ങൾ പ്രത്യേകിച്ചും മികച്ചതായിരിക്കും. കാരണം അവ ചന്ദ്രന്‍റെ കടും ചുവപ്പ് നിറങ്ങൾ കൂടുതൽ തീവ്രതയോടെ പുറത്തുകൊണ്ടുവരുന്നു. കുറഞ്ഞ ആംബിയന്‍റെ ലൈറ്റ് ഉള്ളതിനാൽ, ക്യാമറകൾ കൂടുതൽ ഷാർപ്പായിട്ടുള്ള വിശദാംശങ്ങളും, തിളക്കം മാഞ്ഞുപോകാതെ സമ്പന്നമായ നിറങ്ങളും പകർത്തുന്നു. ഉയർന്നതോ വരണ്ട കാലാവസ്ഥയുള്ളതോ ആയ പ്രദേശങ്ങൾ വ്യക്തത വർധിപ്പിക്കും.
ഇന്ത്യയ്ക്ക് പുറമെ ഏതൊക്കെ രാജ്യങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകും?
ഇന്ത്യയെ കൂടാതെ, സെപ്റ്റംബർ 7-8 തീയതികളിലെ ചന്ദ്രഗ്രഹണം പടിഞ്ഞാറ് വടക്കേ അമേരിക്കയിലും, കിഴക്ക് തെക്കേ അമേരിക്കയിലും, പസഫിക്, അറ്റ്ലാന്‍റിക്, ഇന്ത്യൻ മഹാസമുദ്രം, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ആർട്ടിക്, അന്‍റാർട്ടിക്ക എന്നിവിടങ്ങളിലും ദൃശ്യമാകും.
എന്താണ് രക്തചന്ദ്രൻ?
ഈ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഇതിനെ ബ്ലഡ് മൂൺ അഥവാ രക്തചന്ദ്രൻ എന്ന് വിളിക്കുന്നു. റെയ്‌ലീ സ്‌കാറ്ററിംഗ് എന്ന പ്രതിഭാസം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ചന്ദ്രനിലേക്ക് കടന്നുപോകുന്ന സൂര്യരശ്‍മികളിലെ നീല, വയലറ്റ് പോലുള്ള ചെറിയ തരംഗദൈർഘ്യമുള്ളവ എല്ലാ ദിശകളിലേക്കും ചിതറുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് തുടങ്ങിയ രശ്‍മികൾ കൂടുതലായി ചന്ദ്രനിൽ എത്തുകയും ചെയ്യുന്നു. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതിന്‍റെ കാരണം ഇതാണ്.