Fincat

വിശ്വാസത്തിനെതിര്, ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പ്രസവം വീട്ടില്‍, നവജാതശിശു മരിച്ചു


ചെറുതോണി (ഇടുക്കി): ആശുപത്രിയില്‍ പോകാൻ കൂട്ടാക്കാതെ വീട്ടില്‍വെച്ച്‌ പ്രസവം നടത്തിയതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലായില്‍ നവജാതശിശു മരിച്ചു.വാഴത്തോപ്പ് പഞ്ചായത്തിലെ 14-ാം വാർഡിലാണ് സംഭവം.

ചാലക്കരപുത്തൻവീട്ടില്‍ ജോണ്‍സൻ-വിജി ദമ്ബതിമാരുടെ കുഞ്ഞാണ് തിങ്കളാഴ്ച രാവിലെ 10:30 -ന് വീട്ടില്‍ പ്രസവിച്ച ഉടനെ മരിച്ചത്. സുവിശേഷ പ്രവർത്തകനെന്ന് അവകാശപ്പെടുന്നയാളാണ് ജോണ്‍സൻ. വിജി ഗർഭിണിയായപ്പോള്‍ മുതല്‍ ആശുപത്രിയില്‍ പോയില്ല. വിജിക്ക് 45 വയസും ജോണ്‍സണ് 47 വയസും പ്രായമുണ്ട്. ആരോഗ്യ പ്രവർത്തകർ പല തവണ വീട്ടിലെത്തി ആശുപത്രിയില്‍ പോയി പരിശോധന നടത്തണമെന്നും മരുന്നുകള്‍ കഴിക്കണമെന്നും നിർദേശിച്ചെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ഇരുവരും.

വിജിക്ക് ഞായറാഴ്ച രാത്രി പ്രസവ വേദനയെടുത്തെന്നറിഞ്ഞ് തിങ്കളാഴ്ച രാവിലെ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും വീട്ടിലെത്തി. അപ്പോഴാണ് വിജി പ്രസവിച്ചു കിടക്കുന്നതും കുഞ്ഞ് മരിച്ചതും കണ്ടത്. ആരോഗ്യ പ്രവർത്തകർ ഉടൻ ഇടുക്കി പോലീസില്‍ വിവരമറിയിച്ചു. പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം മൂലം അവശയായ വിജിയെ ആശുപത്രിയിലെത്തിക്കുവാൻ ഭർത്താവ് ജോണ്‍സണ്‍ സമ്മതിച്ചില്ല. തുടർന്ന് ഇടുക്കി പോലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് വിജിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ആശുപത്രിയില്‍ പോകാൻ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്ന് പഞ്ചായത്തംഗം പി.വി. അജേഷ്കുമാർ പറഞ്ഞു. ഇവർക്ക് മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. ഈ കുട്ടികളുടെ പ്രസവങ്ങളും ജോണ്‍സനാണ് എടുത്തത്. അയല്‍ക്കാരുമായോ സമൂഹവുമായോ ബന്ധമില്ലാതെയാണ് ഇവർ കഴിയുന്നത്. മൂന്ന് കുട്ടികളെയും സ്കൂളില്‍ ചേർത്തിട്ടില്ല. നവജാത ശിശുവിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോർട്ടം നടത്തി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് ഇടുക്കി പോലീസ് കേസെടുത്തു.