Fincat

നാരങ്ങ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന 5 കാര്യങ്ങൾ ഇതാണ്

അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാരങ്ങ. ചൂടുകാലങ്ങളിൽ ധാരാളം നാരങ്ങ വെള്ളം കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ നാരങ്ങയ്ക്ക് വേറെയും ഉപയോഗങ്ങളുണ്ട്. അടുക്കള വൃത്തിയാക്കാനും, പൂന്തോട്ടത്തിലെ കീടങ്ങളെ അകറ്റാനുമെല്ലാം നാരങ്ങ ഉപയോഗിക്കാറുണ്ട്. നാരങ്ങയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

മൈക്രോവേവ് വൃത്തിയാക്കാം

മൈക്രോവേവ് വന്നതോടെ പാചകം എളുപ്പമായിട്ടുണ്ട്. എന്നാലിത് വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. ചൂടേൽക്കുമ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുകയും പിന്നീടിത് വൃത്തിയാക്കാൻ കഴിയാതെയും വരുന്നു. പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം നാരങ്ങ പകുതിയായി മുറിച്ച് അതിലേക്കിടണം. ശേഷം മൈക്രോവേവിൽ വെച്ച് ചൂടാക്കിയാൽ മതി. പറ്റിപ്പിടിച്ച കറ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും.

ഡിഷ്‌വാഷർ

പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിഷ്‌വാഷറും നാരങ്ങ ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ കഴിയും. പകുതി മുറിച്ചെടുത്ത നാരങ്ങ ഡിഷ് വാഷറിന്റെ മുകൾ ഭാഗത്തെ റാക്കിൽ വയ്ക്കാം. ആവശ്യമെങ്കിൽ നാരങ്ങയ്ക്കൊപ്പം കുറച്ച് ബേക്കിംഗ് സോഡയും വിതറാം. ശേഷം ഡിഷ്‌വാഷർ പ്രവർത്തിപ്പിച്ചാൽ കറയും ദുർഗന്ധവും എളുപ്പം ഇല്ലാതാവുന്നു.

കട്ടിങ് ബോർഡ്

ഉപകരണങ്ങൾ മാത്രമല്ല കട്ടിങ് ബോർഡും നാരങ്ങ ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കും. മുറിച്ചെടുത്ത നാരങ്ങ കട്ടിങ് ബോർഡിൽ നന്നായി ഉരച്ച് കഴുകാം. ഇത് പറ്റിപ്പിടിച്ച കറയെയും ദുർഗന്ധത്തെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ കട്ടിങ് ബോർഡിൽ കുറച്ച് ഉപ്പ് വിതറിയതിന് ശേഷം ഉരച്ച് കഴുകാവുന്നതാണ്.

ചെമ്പ് പാത്രങ്ങൾ

കാഴ്ച്ചയിൽ ഭംഗിയുള്ളതാണ് ചെമ്പ് പാത്രങ്ങൾ. എന്നാൽ നിരന്തരം ഉപയോഗിക്കുമ്പോൾ പാത്രം മങ്ങി പോവാൻ കാരണമാകുന്നു. മങ്ങലേറ്റ ചെമ്പ് പാത്രങ്ങൾ തിളക്കമുള്ളതാക്കാൻ നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാം.

ദുർഗന്ധം അകറ്റാം

അടുക്കള സിങ്ക്, ഗാർബേജ് ഡിസ്പോസൽ, ഫ്രിഡ്ജ് എന്നിവയിൽ എല്ലാം ദുർഗന്ധം ഉണ്ടാവാറുണ്ട്. എത്ര വൃത്തിയാക്കിയാലും ദുർഗന്ധത്തെ മാത്രം അകറ്റാൻ സാധിക്കില്ല. എന്നാൽ നാരങ്ങ ഉപയോഗിച്ച് അടുക്കളയിലെ ദുർഗന്ധം ഇല്ലാതാക്കാൻ സാധിക്കും. സിങ്കും, ഗാർബേജ് ഡിസ്പോസലും വൃത്തിയാക്കുമ്പോൾ നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.