Fincat

മോദിയെ കണ്ടുപഠിക്കണം, നെതന്യാഹുവിന് ഉപദേശവുമായി ഇസ്രയേല്‍ പ്രതിരോധ വിദഗ്ധൻ


ടെല്‍ അവീവ്: യുഎസിനോടും പാകിസ്താനോടും ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് ഇസ്രയേലിന് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ നയ വിദഗ്ധൻ സാക്കി ശാലോം.മിസ്ഗാവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണല്‍ സെക്യൂരിറ്റി ആൻഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ സീനിയർ ഫെലോ ആയ ശാലോം, ദി ജെറുസലേം പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഒരുപാട് പഠിക്കേണ്ടതുണ്ടെന്ന പരാമർശമുള്ളത്.

താരിഫ് നയത്തില്‍ അമേരിക്കയ്ക്കെതിരെ മോദിയുടെ കർശനമായ നിലപാടും പാകിസ്താനുമായുള്ള ഇന്ത്യയുടെ അതിർത്തി സംഘർഷങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും, രാജ്യത്തിന്റെ അന്തസ് ഒരു ആഡംബരമല്ല, മറിച്ച്‌ തന്ത്രപ്രധാനമായ സ്വത്താണെന്നാണ് വ്യക്തമാക്കുന്നതെന്ന് ശാലോം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ യുഎസ് കനത്ത തീരുവ ചുമത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം വഷളായിരുന്നു. ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെയും നരേന്ദ്ര മോദി സർക്കാർ എതിർത്തു. സാമ്ബത്തികവും സൈനികവുമായ സംഘർഷങ്ങളില്‍ നിന്ന് മാത്രമല്ല, മറിച്ച്‌ വ്യക്തിപരവും രാജ്യത്തിന്റെ ആത്മാഭിമാനത്തെ തന്നെ അവഹേളിച്ചു എന്ന തോന്നലില്‍ നിന്നുമാണ് മോദിയുടെ ഈ കടുത്ത പ്രതികരണം. ട്രംപിന്റെ നാല് ഫോണ്‍ കോളുകള്‍ മോദി നിരസിച്ചു. ഇതില്‍ നിന്നും ഇസ്രയേലിന് പ്രധാനപ്പെട്ട ചിലത് പഠിക്കാനുണ്ട്. ശാലോം പറഞ്ഞു.

ട്രംപില്‍ നിന്ന് ആക്രമണങ്ങള്‍ നേരിട്ടപ്പോള്‍ പ്രധാനമന്ത്രി മോദി ക്ഷമാപണം നടത്താൻ തിടുക്കം കാട്ടിയില്ല. പകരം, രാജ്യത്തിന്റ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചുകൊണ്ട് ശക്തമായി പ്രതികരിക്കാനാണ് തീരുമാനിച്ചത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ സമീപനം പരുഷമായി തോന്നിയേക്കാം, എന്നാല്‍ ഇത് ഇന്ത്യയെ ഒരു ആജ്ഞാനുവർത്തിയായോ താഴ്ന്ന നിലയിലുള്ള ഒരു രാജ്യമായോ പരിഗണിക്കുന്നത് അംഗീകരിക്കില്ലെന്ന വ്യക്തമായ ഒരു സന്ദേശം നല്‍കി.

അതേസമയം, ഇസ്രയേല്‍ ഇതിനു വിപരീതമായി, ഖാൻ യൂനിസ് സംഭവസമയത്ത് അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സമീപനം ഹ്രസ്വകാല നാശനഷ്ടങ്ങള്‍ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കാം. പക്ഷേ ദീർഘകാല തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്ക് ഇത് ദോഷം ചെയ്യും. ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമായ സാഹചര്യങ്ങള്‍ നേരിടുമ്ബോള്‍ പോലും ഒരു രാജ്യം അതിന്റെ ആത്മാഭിമാനം സംരക്ഷിക്കണം. ഇസ്രയേല്‍, രാജ്യത്തിന്റെ നിലയും സുരക്ഷയും ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ലോകത്തിന് മുന്നില്‍ ഉറച്ച പ്രതിരോധശേഷി പ്രകടിപ്പിക്കണം അദ്ദേഹം പറഞ്ഞു.