Fincat

പുതിയ ജിഎസ്‍ടി നിരക്ക്, ഈ ടാറ്റ കാറുകൾക്ക് വമ്പൻ വിലക്കുറവ്

2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്‍ടി കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു . 1200 സിസി (പെട്രോൾ), 1500 സിസി (ഡീസൽ) വരെയുള്ള എഞ്ചിനുകളുള്ള കാറുകൾക്കും 350 സിസിയിൽ താഴെയുള്ള എഞ്ചിനുകളുള്ള ബൈക്കുകൾക്കും നികുതി നിരക്കുകൾ പരിഷ്‍കാരിക്കാനുള്ള ജിഎസ്‍ടി കൗൺസിലിന്‍റെ തീരുമാനത്തിന് ശേഷമാണ് ഈ നീക്കം.

ഈ പരിഷ്‍കരണത്തോടെ, ഈ വാഹനങ്ങൾ ഇപ്പോൾ 18 ശതമാനം സ്ലാബിൽ ഉൾപ്പെടുന്നു. മുമ്പത്തെ 28 ശതമാനം സ്ലാബ് നിർത്തലാക്കി. വലിയ എസ്‌യുവികൾ, ഫോർ വീലറുകൾ, 350 സിസിക്ക് മുകളിലുള്ള എഞ്ചിനുകളുള്ള ബൈക്കുകൾ എന്നിവയ്ക്ക് ആഡംബര വസ്‍തുക്കളുടെ വിഭാഗത്തിൽ 40 ശതമാനം നികുതി ചുമത്തും. മുമ്പത്തെ 50 ശതമാനത്തിൽ നിന്ന് ഇത് കുറച്ചു. തൽഫലമായി, എല്ലാ വാഹനങ്ങൾക്കും ഗണ്യമായ വിലക്കുറവ് ലഭിക്കും, ഇത് വരാനിരിക്കുന്ന ഉത്സവ സീസണിൽ കാറുകളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ജിഎസ്ടി പരിഷ്കരണത്തിന് ശേഷം ടാറ്റ എസ്‌യുവികളുടെയും കാറുകളുടെയും വില കുറച്ചു. ഇത് വിശദമായി അറിയാം

മോഡൽ, വിലക്കുറവ് എന്ന ക്രമത്തിൽ

ടിയാഗോ- 75,000 രൂപ വരെ
ടിഗോർ- 80,000 രൂപ വരെ
ആൾട്രോസ് – 1,10,000 രൂപ വരെ
പഞ്ച് – 85,000 രൂപ വരെ
നെക്സോൺ – 1,55,000 രൂപ വരെ
ടാറ്റ കർവ്വ് – 65,000 രൂപ വരെ
ഹാരിയർ – 1,40,000 രൂപ വരെ
സഫാരി – 1,45,000 രൂപ വരെ
ഉത്സവകാലത്ത് ഡെലിവറി ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് ഇഷ്‍ടപ്പെട്ട വാഹനം നേരത്തെ ബുക്ക് ചെയ്യണമെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. ജിഎസ്ടി നികുതി ആനുകൂല്യത്തിന് ശേഷം, എൻട്രി ലെവൽ ടാറ്റ ടിയാഗോ ഹാച്ച്ബാക്കും ടിഗോർ കോംപാക്റ്റ് സെഡാനും യഥാക്രമം 75,000 രൂപ വരെയും 80,000 രൂപ വരെയും വിലക്കുറവിൽ ലഭ്യമാണ്. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് 1.10 ലക്ഷം രൂപ വരെയും വിലക്കുറവുണ്ട്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പഞ്ച്, നെക്‌സോൺ സബ്‌ കോംപാക്റ്റ് എസ്‌യുവികൾക്ക് ഇപ്പോൾ യഥാക്രമം 85,000 രൂപയും 1.55 ലക്ഷം രൂപയും വിലക്കുറവുണ്ട്.

പ്രീമിയം വിഭാഗത്തിൽ, ടാറ്റ കർവ്വിന് 65,000 രൂപ വരെ വിലക്കുറവ് ലഭിച്ചു. ടാറ്റ ഹാരിയറിനും സഫാരിക്കും ഇപ്പോൾ യഥാക്രമം 1.40 ലക്ഷം രൂപയും 1.45 ലക്ഷം രൂപയും വരെ താങ്ങാനാവുന്ന വിലയുണ്ട്. അംഗീകൃത ടാറ്റ മോട്ടോഴ്‌സ് ഡീലർഷിപ്പുകളിൽ നിന്ന് വാങ്ങുന്നവർക്ക് അവരുടെ തിരഞ്ഞെടുത്ത വേരിയന്‍റുകളുടെ കൃത്യമായ പുതുക്കിയ വിലകൾ പരിശോധിക്കാം.