Fincat

ബിഗ് ബോസില്‍ നിന്ന് പുറത്തായ ശൈത്യയുടെ ആദ്യ പ്രതികരണം

ബിഗ് ബോസ്സില്‍ നിന്ന് ഇന്ന് ശൈത്യ സന്തോഷും പടിയിറങ്ങിയിരിക്കുന്നു. ബിഗ് ബോസ് വലിയ എക്സീപിരിയൻസ് ആയിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് ശൈത്യ സന്തോഷ് പ്രതികരിച്ചു. അവിടെ വെച്ച് ഒരു പാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാൻ കഴിഞ്ഞു. യഥാര്‍ഥ ജീവിതത്തിലും അതൊക്കെയായി താൻ മുന്നോട്ടുപോകുമെന്നും ശൈത്യ സന്തോഷ് പ്രതികരിച്ചു.

ശൈത്യയുടെ വാക്കുകള്‍

കഴിഞ്ഞ വീക്ക് തൊട്ട് ഞാൻ കുറച്ച് ഡൗണായിരുന്നു. അനുവിന്റെ കുറച്ച് മാറ്റങ്ങളൊക്കെ കാരണം. അവളിലേക്ക് ഒതുങ്ങിപ്പോയതുപോലെ അവളില്‍ നിന്ന് മാറിക്കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. അപ്പോള്‍ എനിക്ക് ചെറിയ തോന്നല്‍ ഉണ്ടായി ഈ വീക്ക് ഞാൻ പോകുമായിരിക്കും എന്ന്. അതിനകത്ത് വേറെ എക്സീപിരിയൻസാണ്. അത് അവിടേയ്‍ക്ക് പോയാല്‍ മാത്രമേ ശരിക്കും മനസ്സിലാകുകയുള്ളൂ. പല കാര്യങ്ങളും ഞാൻ പഠിച്ചു. എന്റെ റിയല്‍ ലൈഫിലും ഞാൻ അതൊക്കെ മുന്നോട്ട് കൊണ്ടു പോകും. പ്രേക്ഷകര്‍ കരുതിയത് പോലെ 100 ശതമാനം എനിക്ക് കൊടുക്കാൻ പറ്റിയില്ല. ഇത്രയും ദിവസം നില്‍ക്കാൻ പറ്റിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.

ആരാണ് ശൈത്യ സന്തോഷ്?

പ്രെഡിക്ഷൻ ലിസ്റ്റിൽ അധികമൊന്നും കേൾക്കാത്ത, എന്നാല്‍ പ്രേക്ഷകർക്ക് ഏറെക്കുറെ പരിചിതരായ ചിലർ എല്ലാ സീസണിലും ബിഗ് ബോസ് വീട്ടിലേക്കെത്താറുണ്ട്. ഇത്തവണ ആ അൺഎക്സ്പെക്റ്റഡ് കണ്ടൻസ്റ്റന്റ് ശൈത്യ സന്തോഷ് ആയിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ശൈത്യയുടേത്. കോമഡി സ്‌റ്റാർസ് എന്ന പരിപാടിയിലെ സ്കിറ്റുകളിലൂടെയാണ് ശൈത്യയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. വൈകാതെ നിരവധി സീരിയലുകളുടെ ഭാഗമായും ശൈത്യ എത്തി.

പക്ഷേ അധികം പേരും ശൈത്യയെ ശ്രദ്ധിക്കുന്നത് മറ്റൊരു സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ്. മികച്ച അമ്മയെയും മകളെയും തെരഞ്ഞെടുക്കാനുള്ള ഈ റിയാലിറ്റി ഷോയിൽ ഫൈനലിൽ എത്തിയ മത്സരാർത്ഥികളായിരുന്നു ശൈത്യയും അമ്മ ഷീനയും. ഫിനാലെയിൽ അഞ്ചാം സ്ഥാനമാണ് ഇവർക്ക് ലഭിച്ചത്. എന്നാൽ ശൈത്യയും അമ്മയും ഇത് നിരസിക്കുകയും മൊമെന്റോ വാങ്ങാതെ വേദി വിടുകയും ചെയ്‍തു. ഇതിനുപിന്നാലെ സമ്മാനം നൽകിയ ശ്വേതാ മേനോൻ വളരെ വൈകാരികമായി ഈ പ്രവർത്തിയോട് പ്രതികരിക്കുകയും ഒരു വേദിയോട് അനാദരവ് കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് എന്ന് പറയുകയും ചെയ്‍തു. ഷോയിൽനിന്ന് പുറത്തിറങ്ങിയ ശൈത്യയും അമ്മയും അവകാശപ്പെട്ടത് തങ്ങൾ ഒന്നാം സ്ഥാനം അർഹിച്ചിരുന്നു എന്നും അഞ്ചാം സ്ഥാനമെന്ന് കേട്ടപ്പോൾ അത് വലിയ ഞെട്ടലുണ്ടാക്കി എന്നുമാണ്. പുരസ്‌കാരം സ്വീകരിക്കാൻ മാനസികമായി തങ്ങൾക്ക് കഴിയുമായിരുന്നില്ല എന്നും സാമ്പത്തികമായി വലിയ മെച്ചപ്പെട്ട നിലയിൽ അല്ലാത്ത തങ്ങൾ റിയാലിറ്റി ഷോയ്ക്കുവേണ്ടി ധാരാളം പണം മുടക്കി എന്നും അഭിമുഖങ്ങളിൽ ആവർത്തിച്ച്. വളരെ വൈകാരികമായാണ് ഇരുവരും പലപ്പോഴും ഇതിനോട് പ്രതികരിച്ചത്.

ഇതേതുടർന്ന് ശൈത്യയെയും അമ്മയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഏതായാലും ഈ വിവാദങ്ങൾ ശൈത്യയെയും ‘അമ്മ ഷീനയേയും പ്രേക്ഷകർക്ക് കൂടുതൽ പരിചിതരാക്കി എന്ന് പറയാതിരിക്കാനാവില്ല. അഭിനയം മാത്രമല്ല നൃത്തത്തിലും ശൈത്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്തത്തിലൂടെ തന്നെയാണ് അഭിനയരംഗത്തേക്ക് ശൈത്യ എത്തുന്നതും. ബിഗ് സ്‍ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ സന്തോഷ്. വിനയന്‍ സി എസ് സംവിധാനം ചെയ്‍ത നിങ്ങള്‍ ക്യാമറ നിരീക്ഷമത്തിലാണ് എന്ന ചിത്രത്തിലൂടെയാണ് ശൈത്യ സന്തോഷ് നായികയാകുന്നത്. ജോ ആന്‍ഡ് ദി ബോയ്,കിങ്ങ് ലയര്‍ എന്നീ ചിത്രങ്ങളിലും ശൈത്യ സന്തോഷ് വേഷമിട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ അക്കാദമിക് തലത്തിലും മിടുക്കിയായ ശൈത്യ നിലവിൽ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് ബിഗ് ബോസ് വീട്ടിലേക്കെത്തിയത്.