Fincat

കാസർഗോഡ് നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ വൊളന്റിയർമാരുടെ സല്യൂട്ട് ; വീഡിയോ ഒറ്റദിവസം കണ്ടത്‌ 20 ലക്ഷം പേർ

കാസർഗോഡ്: നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ ക്ഷേത്രത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ വിദ്യാർത്ഥികളാണ് റാലിക്കിടെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രഗോപുരത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രത്തിന് നേരെ തിരിഞ്ഞ് അഭിവാദ്യം ചെയ്തത്.

ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. പാലക്കുന്ന് ആറാട്ടുകടവ് സ്വദേശിയായ അൻഷിത്ത് അശോകാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അച്ഛൻ അശോകിന്റെ ഫാൻസി കടയിലിരിക്കുമ്പോഴാണ് നബിദിനറാലി കടന്നുപോയത്. മദ്രസാ വൊളന്റിയർമാർ ക്ഷേത്രത്തിനുനേരേ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ കൗതുകം തോന്നിയ അൻഷിത്ത് വീഡിയോ ചിത്രീകരിക്കുകയും വൈകീട്ട് അഞ്ചോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാത്രി എട്ട് മുപ്പതോടെ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷം കടന്നു.