Fincat

പാക്കിസ്ഥാനിൽ ഖനനം ചെയ്യാൻ അമേരിക്കന്‍ കമ്പനി; നിക്ഷേപിക്കുക 4100 കോടി രൂപ

പാകിസ്താനില്‍ നിര്‍ണായക ധാതുക്കളുടെ ഉത്പാദനത്തിനും സംസ്‌കരണത്തിനുമായി അമേരിക്കന്‍ കമ്പനി 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4100 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുന്നു. പാകിസ്താനിലെ ഏറ്റവും വലിയ ധാതു ഖനന കമ്പനിയായ ഫ്രോണ്ടിയര്‍ വര്‍ക്സ് ഓര്‍ഗനൈസേഷനും (എഫ്.ഡബ്ല്യു.ഒ) അമേരിക്കയിലെ മിസോറി ആസ്ഥാനമായുള്ള യുഎസ് സ്ട്രാറ്റജിക് മെറ്റല്‍സ് കമ്പനിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. കരാറിന്റെ ഭാഗമായി ഒരു പോളി-മെറ്റാലിക് റിഫൈനറി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ മാസം യുഎസും പാകിസ്താനും തമ്മില്‍ ഒരു വ്യാപാര കരാറിലെത്തിയിരുന്നു. ഊര്‍ജ ഉത്പാദനത്തിനും അത്യാധുനിക നിര്‍മ്മാണ മേഖലയ്ക്കും ആവശ്യമായ നിര്‍ണായക ധാതുക്കളുടെ ഉത്പാദനത്തിലും പുനരുപയോഗത്തിലുമാണ് യുഎസ് സ്ട്രാറ്റജിക് മെറ്റല്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, പാകിസ്താനിലെ നാഷണല്‍ ലോജിസ്റ്റിക്‌സ് കോര്‍പ്പറേഷനും പോര്‍ച്ചുഗീസ് എന്‍ജിനീയറിങ് നിര്‍മ്മാണ കമ്പനിയായ മോട്ട-എന്‍ജില്‍ ഗ്രൂപ്പും തമ്മില്‍ മറ്റൊരു കരാറിലും ഒപ്പുവെച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎസ് സ്ട്രാറ്റജിക് മെറ്റല്‍സ്, മോട്ട-എന്‍ജില്‍ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളുമായി പാകിസ്താനിലെ ചെമ്പ്, സ്വര്‍ണം, അപൂര്‍വ ഭൗമ മൂലകങ്ങള്‍, മറ്റ് ധാതു വിഭവങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. വന്‍കിട ഖനന പദ്ധതികള്‍ ഏറ്റെടുക്കാനും മൂല്യവര്‍ധിത സൗകര്യങ്ങള്‍ വികസിപ്പിക്കാനും ധാതു സംസ്‌കരണ ശേഷി വര്‍ദ്ധിപ്പിക്കാനും ഇരുപക്ഷവും തയ്യാറാണെന്ന് യോഗത്തില്‍ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാകിസ്താനില്‍ നിന്ന് ലഭിക്കുന്ന ആന്റിമണി, ചെമ്പ്, സ്വര്‍ണം, ടങ്സ്റ്റണ്‍, അപൂര്‍വ ഭൗമ മൂലകങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതോടെ ഈ പങ്കാളിത്തം പ്രാബല്യത്തില്‍ വരും. പാകിസ്താനില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ വിലമതിക്കുന്ന ധാതു ശേഖരം ഉണ്ടെന്നും ധാതു മേഖലയിലെ വിദേശ നിക്ഷേപം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിദേശ വായ്പാ ഭാരത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കുമെന്നും ഷെരീഫ് ഈ വര്‍ഷം ആദ്യം അവകാശപ്പെട്ടിരുന്നു.

ബാങ്ക് എഫ്‌ഡിയേക്കാള്‍ ലാഭകരമോ? എന്താണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
ബാങ്ക് എഫ്‌ഡിയേക്കാള്‍ ലാഭകരമോ? എന്താണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം
പാകിസ്താന്റെ ഭൂരിഭാഗം ധാതു സമ്പത്തും തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഖനനത്തിനെതിരെ ഈ മേഖലയിലെ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റില്‍, ബലൂചിസ്ഥാന്‍ നാഷണല്‍ ആര്‍മി, അതിന്റെ പോരാട്ട വിഭാഗമായ മജീദ് ബ്രിഗേഡ് എന്നിവയെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. തെക്കന്‍ സിന്ധ്, കിഴക്കന്‍ പഞ്ചാബ്, വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളിലും എണ്ണ, ധാതു ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി കമ്പനികള്‍ പാകിസ്താനുമായി ഖനന മേഖലയില്‍ കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. ബലൂചിസ്ഥാനിലെ റെക്കോ ഡിക് സ്വര്‍ണ്ണ ഖനിയില്‍ 50% ഓഹരിയുള്ള കനേഡിയന്‍ സ്ഥാപനമായ ബാരിക് ഗോള്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു.