മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെല്ലാം ഭാര്യയ്ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന പരാമര്‍ശത്തില്‍ സമസ്ത ഇ കെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ പിന്തുണച്ച് നാസര്‍ ഫൈസി കൂടത്തായി. വിമര്‍ശകരായ പലര്‍ക്കും വൈഫ് ഇന്‍ ചാര്‍ജ് ഉണ്ടെന്നാണ് നാസര്‍ ഫൈസി പറയുന്നത്. നദ്‌വിയുടെ പരാമര്‍ശം ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത് സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നിലപാടാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
‘നദ്‌വി പറഞ്ഞത് ചരിത്രപരമായ സത്യമാണ്. ആരെയും അവഹേളിച്ചിട്ടില്ല. ശൈശവ വിവാഹം ആധുനിക കാലഘട്ടത്തിലും നടന്നിട്ടുണ്ട്. ഇത് വ്യക്തമാക്കാനാണ് ഇഎംഎസിന്റെ മാതാവിന്റെ കാര്യം പറഞ്ഞത്. ഒരു പ്രഭാഷകന്‍ ചരിത്രത്തെ ഉദ്ധരിക്കുമ്പോള്‍ സ്വീകരിക്കുന്ന രീതിയാണ് ബഹാഉദ്ദീന്‍ നദ്‌വിയും സ്വീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് ആചാര്യനെയും അദ്ദേഹം വിമര്‍ശിച്ചിട്ടില്ല. വിമര്‍ശിക്കുന്നവരുടെ കാപട്യം പുറത്തുകൊണ്ടുവരികയാണ് ചെയ്തത്’: നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ ചരിത്രത്തിന്റെ പിന്‍ബലമില്ലാതെയാണ് വിമര്‍ശിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.
‘പണ്ഡിതവേഷം ധരിച്ച നാറി’; ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ മടവൂരിൽ സിപിഐഎം പ്രതിഷേധം
ബഹാഉദ്ദീന്‍ നദ്‌വിയുടെ പ്രസ്താവനയില്‍ സമസ്തയ്ക്കുളളില്‍ തന്നെ ഭിന്നതയുണ്ടെന്നാണ് വിവരം. നദ്‌വിയുടെ പ്രസ്താവന സമസ്തയുടെ സംസ്‌കാരത്തിന് യോജിക്കാത്തതാണ് എന്നാണ് ഒരുവിഭാഗം നേതാക്കളുടെ പക്ഷം. നദ്‌വിയുടെ പ്രസ്താവന സമുദായത്തിന് അവമതിപ്പുണ്ടാക്കിയെന്നും ലീഗ് വിരുദ്ധ വിഭാഗത്തിന് പരാതിയുണ്ട്.
കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്‌വി വിവാദ പരാമര്‍ശം നടത്തിയത്. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും?’-എന്നാണ് നദ്‌വി പറഞ്ഞത്.