Fincat

35,000 കോടിയുടെ ഇടപാട്, വാങ്ങുക 6 P-8I വിമാനങ്ങള്‍; ഇന്ത്യ-യു.എസ് മഞ്ഞുരുകുന്നു


ഇന്ത്യ- യുഎസ് വ്യാപാര ചർച്ചകള്‍ വീണ്ടും തുടങ്ങാനിരിക്കെ ശതകോടികളുടെ പ്രതിരോധ കരാർ അണിയറയില്‍ ഒരുങ്ങുന്നു. നാവികസേനയ്ക്ക് വേണ്ടി യുഎസില്‍നിന്ന് ആറ് പി-8ഐ പൊസിഡിയോണ്‍ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലേക്കുള്ള ചർച്ചകള്‍ പിരോഗമിക്കുകയാണ്.നിലവിലെ കണക്കുകള്‍ പ്രകാരം 400 കോടി ഡോളർ ( ഏകദേശം 35,391 കോടി രൂപ) യുടെ പ്രതിരോധ ഇടപാടായിരിക്കും നടക്കാൻ പോകുന്നത്. യുഎസ് കമ്ബനിയായ ബോയിങ് ആണ് പി-8ഐ വിമാനങ്ങള്‍ നിർമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി ബോയിങ്ങിന്റെയും യുഎസ് പ്രതിരോധ വകുപ്പിന്റെയും പ്രതിനിധികള്‍ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകള്‍. താരിഫ്, റഷ്യൻ ക്രൂഡോയില്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ- യു.എസ് ബന്ധം വഷളായിരുന്ന സാഹചര്യത്തില്‍നിന്നു മെച്ചപ്പെടുന്ന പശ്ചാത്തലത്തിലാണ് യു.എസ് പ്രതിനിധികളുടെ ഇന്ത്യാസന്ദർശനം നടക്കാൻ പോകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2019-ലാണ് ഇന്ത്യയ്ക്ക് പി-8ഐ നിരീക്ഷണ വിമാനങ്ങള്‍ വില്‍ക്കുന്നതിന് യുഎസ് അനുമതി നല്‍കിയത്. പിന്നീട് വിവിധ കാരണങ്ങളാല്‍ ചർച്ചകള്‍ വഴിമുട്ടിയിരുന്നു. 2009-ല്‍ ഇന്ത്യ എച്ച്‌ പി-8ഐ വിമാനങ്ങള്‍ വാങ്ങിയിരുന്നു. തുടർന്ന് 10 വർഷങ്ങള്‍ക്ക് ശേഷം നാലെണ്ണം കൂടി യുഎസില്‍നിന്ന് വാങ്ങിയിരുന്നു. നിലവില്‍ ഈ നിരീക്ഷണ വിമാനങ്ങള്‍ തമിഴ്നാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സമുദ്ര നിരീക്ഷണത്തിനുള്ള വിമാനമാണ് പി-8ഐ. വിശാലമായ ഇന്ത്യൻ മഹാസമുദ്ര മേഖലയില്‍ സമഗ്രമായ നിരീക്ഷണത്തിന് വേണ്ടിയാണ് ഇന്ത്യ പി-8ഐ നിരീക്ഷണ വിമാനങ്ങള്‍ വാങ്ങിയത്.
ബോയിങ് 737 നെക്സ്റ്റ് ജനറേഷൻ യാത്രാവിമാനത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത നിരീക്ഷണ വിമാനമാണ് പി-8ഐ പൊസിഡിയോണ്‍. അന്തർവാഹിനി വിരുദ്ധ യുദ്ധം (ASW), ഉപരിതല യുദ്ധം (ASUW), രഹസ്യാന്വേഷണം, നിരീക്ഷണം (ISR) തുടങ്ങിയ ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണ് പി-8ഐ. ഈ വിമാനത്തിന് സമുദ്രാന്തർഭാഗത്തിലുള്ള അന്തർവാഹിനികളെ വളരെ ഉയരത്തില്‍നിന്ന് കണ്ടെത്താനാകും. ഇവയ്ക്കെതിരെ പ്രയോഗിക്കാനുള്ള ടോർപ്പിഡോകളും കപ്പലുകളെ ആക്രമിക്കാനുള്ള ഹാർപൂണ്‍ മിസൈലുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വഹിക്കാൻ കഴിയും. യുഎസ് നേവി കൂടാതെ, ഇന്ത്യൻ നാവികസേന, റോയല്‍ ഓസ്ട്രേലിയൻ എയർഫോഴ്സ്, യുകെയുടെ റോയല്‍ എയർഫോഴ്സ്, റോയല്‍ നോർവീജിയൻ എയർഫോഴ്സ് തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.
മുങ്ങിക്കപ്പലുകളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും ആക്രമിക്കാനും രൂപകല്‍പ്പന ചെയ്തതാണ് പി-8ഐ. വിമാനങ്ങള്‍. മാർക്ക് 54 ടോർപ്പിഡോകള്‍, സ്റ്റിങ് റേ ടോർപ്പിഡോകള്‍, നേവല്‍ മൈനുകള്‍, ഡെപ്ത് ചാർജുകള്‍, ഹൈ ആള്‍ട്ടിറ്റിയൂഡ് ആന്റി-സബ്മറൈൻ വാർഫെയർ വെപ്പണ്‍ കപ്പബിലിറ്റി (HAAWC) സിസ്റ്റം എന്നിവ ഉള്‍പ്പെടെ വിവിധ ആയുധങ്ങള്‍ക്കായി 11 ഹാർഡ്പോയിന്റുകളാണ് വിമാനത്തിനുള്ളത്. 30,000 അടി (9,100 മീറ്റർ) ഉയരത്തില്‍നിന്ന് അന്തർവാഹിനികള്‍ക്കെതിരെ ടോർപ്പിഡോകള്‍ വിക്ഷേപിക്കാനുള്ള ശേഷി ഈ വിമാനത്തിനുണ്ട്.
ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകളില്‍നിന്നും കപ്പലുകളില്‍നിന്നും പുറന്തള്ളുന്ന വാതകങ്ങള്‍ കണ്ടെത്താൻ ഹൈഡ്രോ കാർബണ്‍ സെൻസർ, വിവിധ സെൻസർ ഡാറ്റകള്‍ സംയോജിപ്പിച്ച്‌ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഡാറ്റാ ഫ്യൂഷൻ സോഫ്റ്റ്വെയർ, റേഡിയോണ്‍ AN/APY-10 മള്‍ട്ടി-മിഷൻ സർഫേസ് സെർച്ച്‌ റഡാർ, AN/ALQ-240 ഇലക്‌ട്രോണിക് സപ്പോർട്ട് മെഷേഴ്സ് സ്യൂട്ട്, AN/APS-154 അഡ്വാൻസ്ഡ് എയർബോണ്‍ സെൻസർ, മാഗ്നറ്റിക് അനോമലി ഡിറ്റക്ടർ തുടങ്ങിയ സംവിധാനങ്ങളും ഘടിപ്പിച്ചാണ് വിമാനം ഇന്ത്യയ്ക്ക് കൈമാറുക. ഇതില്‍ മിക്കതും മറ്റ് രാജ്യങ്ങള്‍ വാങ്ങിയ മോഡലുകളില്‍ ഉള്ളവയല്ല. ഇന്ത്യയുടെ പ്രത്യേക നിർദ്ദേശപ്രകാരം പരിഷ്കരിച്ച പി-8ഐ വിമാനങ്ങളാണ് ബോയിങ് നിർമിക്കുന്നത്.