Fincat

ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ.

ദോഹ: ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതിനിടെ, ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രയേൽ. തിരിച്ചടിക്ക് സജ്ജരെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ യുദ്ധ ഭീതിയിലാണ് പശ്ചിമേഷ്യ. സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്.

അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേൽ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ്. വിവിധ രാജ്യത്തലവന്മാർ ദോഹയിലെത്തി പങ്കുവയ്ക്കുന്നത് ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അമര്‍ഷമാണ്. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉറപ്പ് നൽകി. ഇസ്രയേലിന്‍റെ ക്രിമിനൽ നടപടിയാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു. ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിക്ക് കത്ത് അയച്ച ഖത്തർ, മധ്യസ്ഥ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമോയെന്നതാണ് ഇനി അറിയേണ്ടത്.

ഹമാസ് നേതാക്കളെ കൊലപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായതോടെ ഇസ്രയേൽ ആക്രമണത്തിൽ നിന്ന് അകലം പാലിക്കാനുള്ള ശ്രമത്തിലാണ് ഡോണൾഡ് ട്രംപ്. ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്നും അമേരിക്കയുടെ സഖ്യരാജ്യത്തെ ആക്രമിക്കുന്നത് ഇസ്രയേലിന്‍റെയും യുഎസിന്‍റെയും ലക്ഷ്യങ്ങളെ സഹായിക്കില്ലെന്നും ട്രംപ് പറഞ്ഞു.