Fincat

ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ഇന്ന്‌ ചുമതലയേല്‍ക്കും


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ പദവി ഒഴിഞ്ഞതായി രാഷ്ട്രപതിഭവൻ അറിയിച്ചു.മഹാരാഷ്ട്രയുടെ അധികച്ചുമതല ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് രാഷ്ട്രപതി ദ്രൗപദി മുർമു കൈമാറി. വെള്ളിയാഴ്ച ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10-ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.

അതിനിടെ, മഹാരാഷ്ട്ര രാജ്ഭവനില്‍ നടന്ന അനൗദ്യോഗിക അനുമോദനയോഗത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ദേശീയവാദിയാണ് താനെന്ന് രാധാകൃഷ്ണൻ പറഞ്ഞു. മഹാരാഷ്ട്ര ഗവർണറായുള്ള കാലം പൊതുജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലമായിരുന്നു. ഛത്രപതി ശിവജി വിദേശ ആക്രമണകാരികളോട് പോരാടിയപ്പോള്‍, ബി.ആർ. അംബേദ്കർ അടിച്ചമർത്തലിനെതിരേ പോരാടി. അത്തരം ദീർഘദർശികള്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യ ജനാധിപത്യരാജ്യമായി തുടർന്നത് -രാധാകൃഷ്ണൻ പറഞ്ഞു.