Fincat

ഒമാനെതിരേ വിയര്‍ത്ത് പാകിസ്താൻ, 20 ഓവറില്‍ 160-7


ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഒമാന് മുന്നില്‍ 161 റണ്‍സ് വിജയലക്ഷ്യമുയർത്തി പാകിസ്താൻ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു.മുൻ ചാമ്ബ്യന്മാർക്കെതിരേ മികച്ച പ്രകടനമാണ് ഒമാൻ ബൗളർമാർ പുറത്തെടുത്തത്. പാകിസ്താന്റെ ഏഴുവിക്കറ്റുകള്‍ വീഴ്ത്താൻ ഒമാൻ ബൗളർമാർക്കായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ ഞെട്ടി. ഓപ്പണർ സയിം അയൂബ് ഡക്കായി മടങ്ങി. ഒമാൻ ബൗളർ ഷൈ ഫൈസലാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സാഹിബ്സദാ ഫർഹാനും മുഹമ്മദ് ഹാരിസും ടീമിനെ കരകയറ്റി. ആദ്യ ആറോവറില്‍ 47-1 എന്ന നിലയിലായിരുന്നു പാകിസ്താൻ.പിന്നീട് മുഹമ്മദ് ഹാരിസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ പാക് സ്കോർ കുതിച്ചു.
ഒമാൻ ബൗളർമാരെ തകർത്തടിച്ച ഹാരിസ് അർധസെഞ്ചുറി തികച്ചു. പത്തോവറില്‍ ടീം 85-ലെത്തി. എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്തി ഒമാൻ തിരിച്ചടിക്കുന്നതാണ് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. ടീം സ്കോർ 89-ല്‍ നില്‍ക്കേ പാകിസ്താന്റെ രണ്ടാം വിക്കറ്റും വീണു. 28 റണ്‍സെടുത്ത ഫർഹാനെ ആമിർ കലീം പുറത്താക്കി. മുഹമ്മദ് ഹാരിസ്, നായകൻ സല്‍മാൻ അഗ(0) എന്നിവരും പിന്നാലെ കൂടാരം കയറി. 44 പന്തില്‍ നിന്ന് 66 റണ്‍സെടുത്താണ് ഹാരിസ് മടങ്ങിയത്.
14 ഓവർ അവസാനിക്കുമ്ബോള്‍ 104-4 എന്ന നിലയിലായിരുന്നു പാകിസ്താൻ. ഒമാൻ സ്പിന്നർമാർക്ക് മുന്നില്‍ അക്ഷരാർഥത്തില്‍ പാക് ബാറ്റർമാർ വിയർത്തു. ഹസൻ നവാസ് ഒമ്ബത് റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് നവാസ് 19 റണ്‍സെടുത്ത് പുറത്തായി. അവസാനഓവറുകളിലെ ഫഖർ സമാന്റെ ബാറ്റിങ്ങാണ് സ്കോർ 150-കടത്തിയത്. ഫഖർ സമാൻ 23 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒമാനായി ആമിർ കലീം, ഷാ ഫൈസല്‍ എന്നിവർ മൂന്ന് വിക്കറ്റെടുത്തു.