പഴയവസ്ത്രങ്ങള്‍ക്കൊപ്പം അഞ്ചരപ്പവന്റെ സ്വര്‍ണവും; മടക്കിനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍, അഭിനന്ദനം
കോട്ടുവള്ളി (എറണാകുളം): മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ സേനാംഗങ്ങള്‍ക്ക് പഴയ വസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍.കോട്ടുവള്ളി പഞ്ചായത്തിലെ 20-ാം വാർഡ് കൈതാരം കൊച്ചമ്ബലം ഭാഗത്ത് പതിവുപോലെ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയതാണ് ഹരിതകർമ സേനാംഗങ്ങളായ ലതയും വിനീതയും ചിത്തിരയും.
കൊച്ചമ്ബലം നെല്‍ക്കുന്നശ്ശേരി ബാദേല്‍ വീട്ടില്‍ റോഷ്നി വില്‍സന്റെ വീട്ടില്‍നിന്നും പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം കുറച്ചു പഴയവസ്ത്രങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. മറ്റു വീടുകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് ശേഖരിച്ചതിനുശേഷം വാർഡില്‍ തന്നെയുള്ള കമ്യൂണിറ്റി ഹാളിലെത്തി ഭക്ഷണം കഴിക്കാനെത്തിയതാണ് മൂവരും. അതിനിടയിലാണ് ലത തുണികള്‍ക്കിടയിലുണ്ടായിരുന്ന സ്വർണാഭരണപ്പെട്ടി കാണുന്നത്.
തുറന്നുനോക്കിയപ്പോള്‍ പാദസരവും മാലയും കമ്മലും കൈച്ചെയിനുമൊക്കെയായി അഞ്ചര പവനോളമുണ്ടായിരുന്നു. ഉരച്ചുനോക്കിയപ്പോളാണ് സ്വർണമാണെന്ന് മനസ്സിലായത്. ഉടൻതന്നെ വാർഡംഗമായ സിന്ധുനാരായണൻകുട്ടിയെ വിവരം അറിയിച്ചു. മൂവരും ഭക്ഷണംകഴിക്കാൻ നില്‍ക്കാതെതന്നെ പഴയവസ്ത്രങ്ങള്‍ വാങ്ങിയ വീട്ടിലേക്ക് ഓടുകയായിരുന്നു. ഈ സമയം സ്വർണാഭരണപ്പെട്ടി കാണാതെ കരഞ്ഞ് വിഷമിച്ചു നില്‍ക്കുന്ന റോഷ്നി വില്‍സൻ വീടിന് മുൻപില്‍ത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സ്വർണാഭരണപ്പെട്ടി കൈമാറിയപ്പോഴാണ് സമാധാനമായതെന്ന് ലതയും വിനീതയും ചിത്തിരയും പറഞ്ഞു.
ഹരിതകർമസേനയുടെ ആരംഭകാലം മുതല്‍ ലത പ്രവർത്തിക്കുന്നുണ്ട്. വിനീതയും ചിത്തിരയും അടുത്തയിടെയാണ് ചേർന്നത്. കൈതാരം ബ്ലോക്കുപടി കൃഷിഭവൻ റോഡിനുസമീപമാണ് മൂവരും താമസിക്കുന്നത്.