30-40 വയസ്സിലാണോ ആദ്യമായി ജിമ്മില്‍ പോകുന്നത്? നിര്‍ബന്ധമായും ഹൃദയാരോഗ്യം പരിശോധിക്കണം;ഇല്ലെങ്കില്‍
രാവിലെ എഴുന്നേറ്റ് ഒരു കാപ്പിയും കുടിച്ച് നേരെ ജിമ്മിലേക്ക് പോയി നാലഞ്ച് മണിക്കൂര്‍ എക്‌സര്‍സൈസും ചെയ്ത് ശരീരം ബില്‍ഡ് ചെയ്താല്‍ ഞാന്‍ ഹെല്‍ത്തിയായി എന്ന് സ്വയം വിശ്വസിക്കുന്നവരാണോ? എന്നാല്‍ ഫിറ്റ്നെസ്സിനായി മൂന്നും നാലും മണിക്കൂര്‍ കഷ്ടപ്പെട്ട് വര്‍ക്കൗട്ട് ചെയ്താല്‍ മതി എന്നത് അല്പം തെറ്റായ ധാരണയാണ്. ഹൃദയാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുന്നവരാണെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്ന കാര്‍ഡിയാക് വ്യായാമങ്ങള്‍ ചെയ്യണം. പക്ഷെ അതിനെല്ലാം മുന്‍പായി ഇത്തരം വ്യായാമങ്ങള്‍ താങ്ങാനുള്ള കരുത്ത് ഹൃദയത്തിനുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തണമെന്ന് മാത്രം.
2021 ഒക്ടോബര്‍ 29 നാണ് കന്നട സിനിമാതാരം പുനീത് രാജ്കുമാര്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. കൃത്യമായി മെഡിക്കല്‍ പരിശോധകള്‍ നടത്തുകയും അച്ചടക്കമുള്ള ജീവിത രീതി പിന്തുടരുകയും ചെയ്ത പുനീത് രാജ്കുമാറിന്റെ മരണം ഞെട്ടലോടെയാണ് ആരാധകരുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ആരോഗ്യവാന്മാരാണെന്ന് വിശ്വസിക്കുന്ന നമുക്ക് ചുറ്റുമുള്ള പല ആളുകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഈ അപകടങ്ങള്‍ക്ക് കാരണം ശരീരത്തിന്‍റെ അവസ്ഥ മനസ്സിലാക്കാതെയുള്ള അമിത വ്യായാമം ആണ്.
വ്യായാമം ചെയ്യാന്‍ ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
30 വയസിലോ 40 വയസിലോ ആണ് പെട്ടെന്ന് ശാരീരിക ആരോഗ്യത്തെ കുറിച്ച് ചിന്തവരുന്നതും ശരീരസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ജിമ്മില് പോയിത്തുടങ്ങുന്നതെങ്കില്‍ കര്‍ശനമായും വൈദ്യ പരിശോധനയ്ക്ക് വിധേയമായ ശേഷമേ വ്യായാമം ആരംഭിക്കാവൂ. നിങ്ങള്‍ക്ക് ഹൃദ്‌രോഗം ഉണ്ടോ, ഹൃദ്‌രോഗത്തെ ഉദ്ദീപിപ്പിക്കുന്ന രീതിയിലുളള മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടോ? വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടോ? കൊളസ്‌ട്രോളുണ്ടോ? ഷുഗര്‍ ഉണ്ടോ മറ്റ് എന്തെങ്കിലും തരത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് വിലയിരുത്തിയ ശേഷം മാത്രമേ എങ്ങനെ എത്രത്തോളം വ്യായാമമാകാം എന്ന് തീരുമാനിക്കാനാവൂ. ഇതിനായി ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കുകയുമാവാം.
വ്യായാമം ചെയ്തുതുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഒരു ആരോഗ്യ വിദഗ്ധനെ കാണേണ്ടതാണ്. ചിലര്‍ കാര്‍ഡിയോ മയോപ്പതി രോഗമുള്ളവരാകാം(ഹൃദയത്തിന്റെ പേശിയെ ബാധിക്കുന്ന രോഗമാണ് കാര്‍ഡിയോ മയോപ്പതി.ഇത് ശരീരത്തിലേക്ക് രക്തം എത്തിക്കുന്നത് ഹൃദയത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും. )ഇതൊക്കെ പരിശോധിച്ച് കണ്ടൈത്തേണ്ടതുണ്ട്. ഒരു ഹൃദ്‌രോഗ വിദഗ്ധന്റെ അടുത്ത് പോയാല്‍ എക്കോ ടെസ്റ്റ്, ട്രെഡ്മില്‍ ടെസ്റ്റ് , രക്ത പരിശോധന ഇവയൊക്കെ ഒരു ദിവസം കൊണ്ട് ചെയ്യാന്‍ സാധിക്കും.
ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ വ്യായാമം ചെയ്യേണ്ടത് എങ്ങനെ
ഹാര്‍ട്ട് അറ്റാക്ക കഴിഞ്ഞ ആളാണെങ്കില്‍ പിന്നീട് വ്യായാമം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. 3 ആഴ്ച വിശ്രമിച്ചതിന് ശേഷം മാത്രമേ വ്യായാമത്തിലേക്ക് കടക്കാവൂ. അതും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ലഘുവായ വ്യായാമങ്ങളിലൂടെ. മാസങ്ങള്‍ക്ക് ശേഷം മാത്രമേ പഴയ രീതിയില്‍ എക്‌സര്‍സൈസ് ചെയ്യാന്‍ സാധിക്കൂ. അതിനിടയില്‍ എന്തെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളോ തളര്‍ച്ചയോ ഉണ്ടാവുകയാണെങ്കില്‍ ആശുപത്രിയിലെത്തേണ്ടതാണ്.