Fincat

രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ട് കുഞ്ഞു പൂജ


കൊച്ചി: ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരുപക്ഷേ ആർക്കും ലഭിച്ചിട്ടുണ്ടാകില്ല. തൻറെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിൻറെ അമ്ബരപ്പും കൗതുകവുമെല്ലാം ആ കുരുന്നിൻറെ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടായിരുന്നു.കാസർഗോഡ് രാജപുരം സ്വദേശികളായ ഗിരീശൻറെയും നീതുമോളുടേയും മകളായ പൂജയാണ് ഭാഗ്യവതിയായ ആ കുഞ്ഞ്.
രണ്ടുവർഷം മുമ്ബ് പിറന്ന കുഞ്ഞിന് ശ്രവണശേഷിയില്ലെന്നും അതിനാല്‍ കുട്ടി സംസാരിക്കുകയില്ലെന്നും അറിഞ്ഞ നാള്‍ മുതല്‍ ആകെ തകർന്ന അവസ്ഥയിലായിരുന്നു ആ കുടുംബം. ഇത് പരിഹരിക്കുന്നതിന് കോക്ലിയർ ഇംപ്ലാൻറേഷൻ നടത്തണമെന്നും അതിന് പത്ത് ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോള്‍ ആ നിർധന കുടുംബത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ലിസി ആശുപത്രിയിയിലെ സൗജന്യ കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തുന്നതിനുളള ‘ലിസ് ശ്രവണ്‍ ‘ പദ്ധതിയെക്കുറിച്ച്‌ അവർക്ക് വിവരം ലഭിച്ചത്. തുടർന്ന് ലിസി ആശുപത്രിയിലേക്ക് കുട്ടിയുടെ ചികിത്സാരേഖകളും ആയി അവർ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ എത്രയും വേഗം കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തുവാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ആ കുടുംബത്തിൻറെ സാമ്ബത്തിക സാഹചര്യങ്ങള്‍ മനസ്സിലാക്കിയ ലിസി ആശുപത്രി മാനേജ്മെൻറ് പൂർണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തുവാൻ തയ്യാറാവുകയായിരുന്നു.


1. ഡോ. ടോണി മാമ്ബിളളി, ഫാ. റെജു കണ്ണമ്ബുഴ, ഡോ. റീന വർഗീസ്, ഫാ. പോള്‍ കരേടൻ, പൂജ, നീതു മോള്‍ (അമ്മ),
ഡോ. മേഘ കൃഷ്ണൻ
രണ്ടാഴ്ച മുമ്ബാണ് 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ഇംപ്ലാൻറ് ഘടിപ്പിച്ചത്. അതിനുശേഷം പിറന്നാള്‍ ദിനമായ ഇന്ന് (26.7.2025, ശനി) അയിരുന്നു ഇംപ്ലാൻറിൻറെ സ്വിച്ച്‌ ഓണ്‍ കർമ്മം. കുഞ്ഞിൻറെ തുടർന്നുള്ള പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ മാതാവിനുണ്ടായ സന്തോഷം അതിന് സാക്ഷ്യം വഹിച്ച എല്ലാവരിലേക്കും പടർന്നു. തങ്ങളുടെ മകള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഇതെന്ന് അവർ പറഞ്ഞു.
കോക്ലിയർ ഇംപ്ലാൻറ് സർജൻ ഡോ. മേഘാ കൃഷ്ണൻറെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇ.എൻ.ടി വിഭാഗത്തിലെ ഡോ. റീന വർഗീസ്, ഡോ. ഫ്രാങ്കി ജോസ്, ഡോ. ദിവ്യ മോഹൻ, ഡോ. ജോസഫ് മാത്യു എന്നിവരും ശിശുരോഗ വിഭാഗം തലവൻ ഡോ. ടോണി മാമ്ബിള്ളിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും അനസ്തേഷ്യ വിഭാഗം തലവൻ ഡോ. കെ രാജീവിൻറെ നേതൃത്വത്തിലുള്ള ഡോക്ടർമാരും, റേഡിയോളജി വിഭാഗം തലവൻ ഡോ. അമല്‍ ആൻറണി, ഡോ. സുശീല്‍ എലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഡോക്ടർമാരും, ഇംപ്ലാൻറ് ഓഡിയോളജിസ്റ്റ് ഗൗരി രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ ഉളള സംഘവും ചികിത്സയില്‍ പങ്കാളികളായിരുന്നു.

ഫാ. പോള്‍ കരേടൻ, ജയ (അമ്മയുടെ അമ്മ), നീതു മോള്‍ (അമ്മ), പൂജ
ലിസി ആശുപത്രി ഡയറക്ടർ ഫാ. പോള്‍ കരേടൻറെ നേതൃത്വത്തില്‍ കേക്ക് മുറിച്ച്‌ മധുരം പങ്കു വച്ച്‌ കുഞ്ഞിൻറെ പിറന്നാള്‍ ആഘോഷിച്ചു. ജോ. ഡയറക്ടർമാരായ ഫാ.റോജൻ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്ബുഴ, അസി.ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങിന് എത്തിയിരുന്നു. പുത്തനുടുപ്പും പിറന്നാള്‍ സമ്മാനങ്ങളും നല്‍കിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്.