രേന്ദ്ര മോദി തന്റെ ജന്മദിനമായ സെപ്റ്റംബർ 17ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി വമ്പൻ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനമായ സെപ്റ്റംബർ 17ന് ‘സ്വസ്ത് നാരീ, സശക്ത് പരിവാർ അഭിയാൻ’ (ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം) എന്ന കാംപയിന് തുടക്കം കുറിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനാണ് ഈ രാജ്യവ്യാപകമായ പ്രചാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സംസ്ഥാനങ്ങളിൽ ഒരേസമയം ആസൂത്രണം ചെയ്യുന്ന ഹെൽത്ത് ക്യാമ്പുകളുടെയും പ്രവർത്തനങ്ങളുടെയും എണ്ണം കണക്കിലെടുക്കുമ്പോൾ ഈ കാംപയിൻ ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് ന്യൂസ് 18നോട് സംസാരിച്ച രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. “സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിപാടി ആഗോളതലത്തിലെ ഏറ്റവും വലിയ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലൊന്നാക്കി ഇതിവെ മാറ്റും,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഡൽഹി ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ പ്രചാരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ദേശീയ തലസ്ഥാനത്ത്, കർത്തവ്യ പാതയിൽ രക്തദാന ക്യാമ്പുകളും പുതിയ ആശുപത്രി ബ്ലോക്കുകളുടെ ഉദ്ഘാടനവും നടക്കും. രാജ്യവ്യാപകമായി 15 ദിവസത്തെ സേവാ പഖ്‌വാഡയും ആചരിക്കും,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടാതെ, ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും (സിഎച്ച്‌സി) മറ്റ് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലും 75,000 ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ഈ ക്യാമ്പുകൾ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റും.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പദ്ധതികളുടെയും പ്രചാരണത്തിന്റെയും അന്തിമ വിശദാംശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതിക്കായി കാത്തുകൊണ്ട് ഞങ്ങൾ കാംപയിനിന്റെ ചില വിശദാംശങ്ങളടങ്ങിയ അന്തിമരേഖ തയ്യാറാക്കുകയാണെന്ന് ഞായറാഴ്ച നടന്ന ഒരു യോഗത്തിൽ വിശദാംശങ്ങൾ തയ്യാറാക്കിയത് സൂചിപ്പിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.