Fincat

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. (CM pinarayi vijayan on police atrocities)

എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കുകയായിരുന്നു. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് ഉടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്ന് പറയുന്നത് അവാസ്തവമാണ്. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി സംസാരത്തിനിടെ സൂചിപ്പിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ചകള്‍ പോലും വരാതിരിക്കാന്‍ ഇനി ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ ഈ സുദീര്‍ഘമായ വിശദീകരണത്തില്‍ ഘടകകക്ഷികളും തൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരം. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഉള്‍പ്പെടെ കസ്റ്റഡി മര്‍ദനത്തെക്കുറിച്ച് അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.