ഓരോ കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട കളിപ്പാട്ടം കുറിച്ചെടുത്തു, നേരിട്ട് കടയിലെത്തി വാങ്ങിനല്‍കി പ്രിയങ്ക
സുല്‍ത്താൻ ബത്തേരി: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാൻ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു.ഓരോ കുട്ടിയും അവരുടെ ഇഷ്ടം പറഞ്ഞതൊക്കെ ഓരോരുത്തരുടെ പേരും അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടവും കുറിച്ചു വെച്ചു. തുടർന്ന് നേരിട്ടെത്തി വാങ്ങിക്കുകയായിരുന്നു.
അമ്ബലവയല്‍ പഞ്ചായത്തില്‍ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദർശിച്ചതിന് ശേഷം ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയില്‍ നിർത്തി. അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തിരഞ്ഞെടുത്ത് അവർക്കെത്തിക്കാൻ നിർദ്ദേശം നല്‍കിയാണ് പോയത്.
കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും ഉല്ലസിച്ചാണ് പ്രിയങ്ക ഗാന്ധി അങ്കണവാടിയില്‍ നിന്നിറങ്ങിയത്. പ്രദേശവാസികളായ കുട്ടികള്‍ നാടൻ പാട്ടിനൊപ്പവും അവർ ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയൻ, എം.യു. ജോർജ്ജ്, എം.സി. കൃഷ്ണകുമാർ സി. ജെ. സെബാസ്റ്റ്യൻ, സി.ഡി.പി.ഒ. ആൻ ഡാർളി തുടങ്ങിയവർ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.