Fincat

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി, നിയമം പാലിച്ചവർ 94 ശതമാനം

റിയാദ്: സൗദി അറേബ്യയിൽ ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് അവസാനിച്ചു. ഈ വർഷം നിയമം പാലിച്ചവരുടെ നിരക്ക് 94 ശതമാനത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതിന്റെ സൂചനയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധമാണ് ഉയർന്ന അനുസരണ നിരക്കിന് പിന്നിലെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജ്ഹി അഭിപ്രായപ്പെട്ടു. തൊഴിൽ മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദേശീയ കൗൺസിലുമായി സഹകരിച്ചാണ് ജൂൺ 15 മുതൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം മന്ത്രാലയം നടപ്പാക്കിയത്. തൊഴിലാളികളെ ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷിക്കുക, ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുക എന്നിവയായിരുന്നു നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഈ സംരംഭങ്ങളെ ദേശീയ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഭിനന്ദിച്ചു.
സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും തങ്ങളുടെ പിന്തുണ തുടരുമെന്നും കൗൺസിൽ അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറായ 19911-ലോ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെയോ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.