സ്റ്റേറ്റ്സ്മാൻ റൂറല്‍ റിപ്പോര്‍ട്ടിങ് അവാര്‍ഡ് കെ.എ.ബീനയ്ക്ക്
കൊല്‍ക്കത്ത: സ്റ്റേറ്റ്സ്മാൻ റൂറല്‍ റിപ്പോർട്ടിംഗ് അവാർഡ് 2025 കെ.എ.ബീനയ്ക്ക്. സെപ്റ്റംബർ 16 ന് കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്.പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് /സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയോ എന്നതു സംബന്ധിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “ഉസിലാംപട്ടിയിലുണ്ട് ബാലുച്ചാമിയും പെരിയ കറുപ്പനും” എന്ന ഫീച്ചറാണ് സ്റ്റേറ്റ്സ് മാൻ അവാർഡിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ “ആ കസേര ആരുടേതാണ്?” എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ കെ.എ.ബീന ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസ് ഉദ്യോഗസ്ഥയെന്ന നിലയില്‍ ദൂരദർശനിലും ആകാശവാണിയിലും ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
സെൻട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്. 1978 ല്‍ സ്റ്റേറ്റ്സ്മാൻ പത്രം ഏർപ്പെടുത്തിയ റൂറല്‍ റിപ്പോർട്ടിംഗ് അവാർഡ് ഗ്രാമീണ മേഖലയെ കുറിച്ചുള്ള റിപ്പോർട്ടുകള്‍ക്കാണ് നല്‍കുന്നത്.