Fincat

മോദിയുടേയും അമ്മയുടേയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം-കോണ്‍ഗ്രസ്സിനോട് ഹൈക്കോടതി


പട്ന: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിന് പട്ന ഹൈക്കോടതിയുടെ നിർദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് പിബി ബജന്ത്രിയുടേതാണ് നടപടി.എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മ ഹീരബെൻമോദിയേയും ഉള്‍പ്പെടുത്തിയ 36 സെക്കന്റ് ദൈർഘ്യമുള്ള എഐ വിഡിയോ സെപ്തംബർ പത്തിന് ബിഹാർ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാല്‍പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്കെതിരേ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച്‌ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.കോണ്‍ഗ്രസ് പാർട്ടി തരംതാഴ്ന്നോയെന്നാണ് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ചോദിച്ചത്. . രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബിജെപി എംപി രാധാ മോഹൻ ദാസ് അഗർവാളും പ്രതികരിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാൻ പഠിപ്പിക്കാൻ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്നാണ് കോണ്‍ഗ്രസിന്റെ മാധ്യമ പ്രചാരണ വിഭാഗം തലവൻ പവൻ ഖേര ചോദിച്ചത്.