ഐഒഎസ് 26 അപ്‌ഡേറ്റ് കാരണം ബാറ്ററി കാലിയാവുന്നു, പുലിവാല് പിടിച്ച് ഐഫോൺ ഉപയോക്താക്കൾ
നിരവധി മാസത്തെ പരീക്ഷണങ്ങൾക്ക് ശേഷം ആപ്പിൾ അവരുടെ ദശലക്ഷക്കണക്കിന് ഐഫോണ്‍ ഉപയോക്താക്കൾക്കായി ഐഒഎസ് 26 അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ അടക്കം ഐഒഎസ് 26 അമ്പരപ്പിക്കുമ്പോഴും ഒരു പരാതി ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഐഒഎസ് 26 അപ്‌ഡേറ്റിന് ശേഷം ഐഫോണിന്‍റെ ബാറ്ററി വളരെ വേഗത്തിൽ തീർന്നുപോകുന്നുണ്ടെന്നും, അത് പുതിയ അപ്‌ഡേറ്റിന് ശേഷം ഫോണിന്‍റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നുമാണ് ഐഫോണ്‍ ഉപയോക്താക്കളുടെ പരാതി. പല ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്യുകയും ബാറ്ററി സംബന്ധമായ പ്രശ്‌നങ്ങൾ പങ്കിടുകയും ചെയ്യുന്നു.
ഐഒഎസ് 26 അപ്‌ഡേറ്റില്‍ ബാറ്ററി കാലിയാവുന്നത് എങ്ങനെ?
ഐഒഎസ് 26 അപ്‌ഡേറ്റിന് ശേഷം ചില ഉപയോക്താക്കൾ അവരുടെ ഐഫോണിന്‍റെ ബാറ്ററി വളരെ വേഗത്തിൽ തീർന്നുപോകുന്നുണ്ടെന്ന് പറയുന്നു. ഒരു ഉപയോക്താവ് തന്‍റെ ഐഫോൺ ചാര്‍ജ് ഒരു മണിക്കൂറിനുള്ളിൽ 100 ശതമാനത്തിൽ നിന്ന് 79 ശതമാനമായി കുറഞ്ഞതായി അവകാശപ്പെട്ടു. അതേസമയം ഐഒഎസ് 26 ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം, തന്‍റെ ബാറ്ററി ശേഷി പെട്ടെന്ന് 80 ശതമാനമായി കുറഞ്ഞുവെന്ന് മറ്റൊരു ഉപയോക്താവ് പോസ്റ്റ് ചെയ്‌തു. സാധാരണയിൽ താഴെ ഉപയോഗിച്ചിട്ടും ബാറ്ററി 50 ശതമാനമായി കുറഞ്ഞെന്ന് മറ്റൊരു ഉപഭോക്താവ് അവകാശപ്പെടുന്നു. ഐഒഎസ് 26ന്‍റെ സ്ഥിരതയുള്ള പതിപ്പും ബഗുകൾ നിറഞ്ഞതാണെന്നും ഫോണിലെ ആനിമേഷനുകൾ റെൻഡർ ചെയ്യാൻ സമയമെടുക്കുമെന്നും തീം മാറ്റുന്നതിലും പ്രശ്‌നമുണ്ടെന്നും ചിലർ പറയുന്നു.
ആപ്പിൾ പറയുന്നത് ഇങ്ങനെ
എന്നാല്‍ ഏതെങ്കിലും പ്രധാന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌തതിന് ശേഷം ബാറ്ററിയും പ്രകടനവും കുറച്ച് സമയത്തേക്ക് ബാധിക്കപ്പെടുന്നത് സാധാരണമാണെന്ന് ആപ്പിൾ പറയുന്നു. അപ്‌ഡേറ്റിന് ശേഷം, ഐഫോണിന്‍റെ ബാക്ക്‌ഗ്രൗണ്ടിൽ നിരവധി പ്രക്രിയകൾ പൂർത്തിയാകുന്നത് തുടരുമെന്ന് ആപ്പിൾ പറയുന്നു. തിരയലിനായി ഡാറ്റയും ഫയലുകളും ഇൻഡെക്‌സ് ചെയ്യുക, പുതിയ അസറ്റുകൾ ഡൗൺലോഡ് ചെയ്യുക, ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ ജോലികൾ ഇതിൽ ഉൾപ്പെടുന്നു. ബാറ്ററിയുടെയും താപത്തിന്‍റെയും പ്രകടനം കുറച്ച് സമയത്തേക്ക് ബാധിക്കപ്പെടാനുള്ള കാരണം ഇതാണെന്നും ആപ്പിൾ പറയുന്നു.
ഐഒഎസ് 26 അപ്‌ഡേറ്റിൽ ചില പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവയ്ക്ക് അധിക റിസോഴ്‌സുകള്‍ ആവശ്യമാണെന്നും കമ്പനി അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ, ആദ്യ ദിവസങ്ങളിൽ ബാറ്ററിയും പ്രകടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ഈ പ്രശ്‌നങ്ങൾ താൽക്കാലികമാണെന്നും കുറച്ച് സമയത്തിന് ശേഷം ബാറ്ററി പ്രകടനം വീണ്ടും ശരിയാകുമെന്നും ആപ്പിൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്നു.