ഒറ്റയേറില്‍ നീരജ്, പത്താമനായി സച്ചിനും ഫൈനലില്‍
ടോക്യോ: ഇന്ത്യയുടെ നീരജ് ചോപ്രയും സച്ചിൻ യാദവും ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ നിലവിലെ ജേതാവായ നീരജ് ചോപ്ര ആറാമതായാണ് ഫൈനലില്‍ പ്രവേശിച്ചത്.84.95 മീറ്ററാണ് എറിഞ്ഞ ദൂരം. സച്ചിൻ യാദവ് 83.67 മീറ്റർ എറിഞ്ഞാണ് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ പത്താമനാണ് സച്ചിൻ.
ഗ്രാനഡയുടെ ആൻഡേഴ്സണ്‍ പീറ്റേഴിന്റേതാണ് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനം. 89.53 മീറ്ററാണ് എറിഞ്ഞത്. പാക് താരം അർഷാദ് നദീം 85.28 മീറ്റർ എറിഞ്ഞു. ജൂലിയൻ വെബ്ബർ (87.21 മീ), ജൂലിസ് യെഗൊ (85.96 മീ), ഡേവിഡ് വെഗ്നർ (85.67 മീ) എന്നിവരും യോഗ്യത നേടി.
എന്നാല്‍, യോഗ്യതാറൗണ്ടില്‍ മാറ്റുരച്ച മറ്റ് ഇന്ത്യൻ താരങ്ങളായ രോഹിത് യാദവും യാഷ് വീറും നിരാശപ്പെടുത്തി. ഇരുവർക്കും ഫൈനലിന് യോഗ്യത നേടാനായില്ല. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച രോഹിത്തിന് 77.81 മീറ്ററും യാഷ് വീറിന് 77.51 മീറ്ററും മാത്രമാണ് എറിയാനായത്.