ലിയോണല്‍ മെസി ഫിഫ ലോകകപ്പിനുണ്ടാകുമോ? മറുപടിയുമായി അര്‍ജന്റീന താരം ക്രിസ്റ്റ്യന്‍ റൊമേറോ
ലണ്ടന്‍: ലിയോണല്‍ മെസി അടുത്ത ലോകകപ്പിനുണ്ടാകുമോ? ഫുട്‌ബോള്‍ ലോകത്ത് തുടരുന്ന സസ്‌പെന്‍സിന് ഉത്തരം നല്‍കുകയാണ് അര്‍ജന്റൈന്‍ താരം കിസ്റ്റ്യന്‍ റൊമേറോ. ഖത്തറില്‍ നേടിയ കനകക്കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീന്‍ ഇറങ്ങുമ്പോള്‍ അമരത്ത് ലിയോണല്‍ മെസിയുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് സഹതാരം റൊമേറോ. തന്റെ അഭിപ്രായത്തില്‍ മെസി മത്സരങ്ങള്‍ക്ക് ഫിറ്റാണ്. അദ്ദേഹം ലോകകപ്പിന് ഉറപ്പായും ടീമിനൊപ്പം ഉണ്ടാകും. അര്‍ജന്റെന്‍ ടീമിലെ എല്ലാവര്‍ക്കും മെസിക്കൊപ്പം കളിക്കുക എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും മെസി ലോകകപ്പിനുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും റൊമേറൊ പറയുന്നു.
ചെറിയ പരിക്കുകള്‍ അലട്ടുന്ന മെസി അര്‍ജന്റീനയുടെ അവസാന ലോകകപ്പ് യോഗ്യത മത്സരം കളിച്ചിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന തോല്‍ക്കുകയും ചെയ്തു. എങ്കിലും ലാറ്റിനമേരിക്കയില്‍ നിന്ന് ഒന്നാം സ്ഥാനവുമായാണ് അര്‍ജന്റൈന്‍ സംഘം കിരീടം നിലനിര്‍ത്താനിറങ്ങുക. അര്‍ജന്റൈന്‍ ടീമില്‍ മെസിയുടെ സാന്നിധ്യം ഉറപ്പാക്കാനായി ഇന്റര്‍ മയാമിയും അതനുസരിച്ചാണ് താരത്തെ ഇപ്പോള്‍ കളത്തിലിറക്കുന്നത്. അനാവശ്യ റിസ്‌കുകളെടുക്കാതെ മെസി ഉപയോഗിക്കുന്നതാണ് പരിശീലകരുടെ ഇപ്പോഴത്തെ രീതി. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഖത്തറിലെ അതേ മനോഭാവമാണ് മെസിക്ക് ഉള്ളത്. ലോകകകപ്പിന് മുമ്പ് ഫൈനലിസിമ കിരീടവും മെസി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഫൈനലിസിമ പോരാട്ടം അടുത്ത വര്‍ഷം മാര്‍ച്ച് മാസം നടക്കും. മാര്‍ച്ച് 23മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും, മത്സരത്തിനായി തെരഞ്ഞെടുക്കും. അര്‍ജന്റീന-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടത്തിന്റെ വേദി എവിടെയാകും എന്ന് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബാഴ്‌സലോണ വേദിയാകുമെന്ന് അഭ്യൂഹമുണ്ട്. അര്‍ജന്റീന-സ്‌പെയിന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ പരാഗ്വേയില്‍ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു. കോപ്പ അമേരിക്ക ചാമ്പ്യന്മാരും, യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ. മുമ്പ് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ നേഷന്‍സ് കപ്പ് എന്ന പേരിലറിയപ്പെട്ടിരുന്ന മത്സരം 2022ലാണ് ഫൈനലിസിമ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍.