Fincat

ഹൈ പവര്‍ ലേസര്‍ ഇന്റര്‍സെപ്റ്റര്‍ സിസ്റ്റവുമായി ഇസ്രയേല്‍; എല്ലാം നിമിഷ നേരം കൊണ്ട് ചാരമാകും, ലോകത്ത് ഇതാദ്യം


ജറുസലേം: ലോകത്തിലെ ആദ്യത്തെ ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സിസ്റ്റം വിന്യസിച്ച്‌ ഇസ്രയേല്‍. അയണ്‍ ബീമിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം.ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തില്‍ വിജയകരമായി പരീക്ഷിച്ചതാണെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇസ്രയേല്‍ സൈനിക പ്രതിരോധ ശക്തികളിലേക്ക് പുതുതലമുറ ആയുധം കൂടിയെത്തുന്നതോടെ രാജ്യം കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് വിശ്വസിക്കുന്നത്.
പ്രതിരോധത്തിനായി നേരത്തെ തന്നെ അയണ്‍ ഡോമുകള്‍ ഇസ്രയേലിന്റെ പക്കലുണ്ട്. ഇവ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇസ്രയേല്‍. ആധുനിക യുദ്ധരീതികളെ എന്നെന്നേക്കുമായി മാറ്റിമറിക്കാൻ സാധിക്കുന്ന തരത്തിലുള്ള അയണ്‍ ബീം ലേസർ സിസ്റ്റം ഈ ആഴ്ച തുടക്കത്തിലാണ് റഫേല്‍ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് പുറത്തിറക്കിയത്. ലോകത്ത് ഇതാദ്യമായിട്ടാണ് ലേസർ എയർ ഡിഫൻസ് സിസ്റ്റം ഉപയോഗത്തില്‍ വരുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അയണ്‍ ബീം വൈകാതെ തന്നെ പുറത്തിറക്കുമെന്ന് ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുമായുള്ള യുദ്ധസമയത്തായിരുന്നു ഇസ്രയേല്‍ ഇക്കാര്യം അറിയിച്ചത്.
അധികച്ചെലവില്ലാതെ തന്നെ ശത്രുക്കളെ തുരത്താം എന്നതാണ് അയണ്‍ ബീമിന്റെ മറ്റൊരു പ്രത്യേകത. പരമ്ബരാഗത മിസൈല്‍വേധ സംവിധാനങ്ങള്‍ക്ക് 60000 ഡോളർ മുതലാണ് ചെലവ്. എന്നാല്‍ അയണ്‍ ബീം ലേസർ സാങ്കേതിക വിദ്യയ്ക്ക് ഷോട്ടിന് കേവലം രണ്ടുഡോളർ മാത്രമാണ് ചെലവ്. യുദ്ധത്തിനിടെ ഉണ്ടാകുന്ന സാമ്ബത്തിക നഷ്ടം ഇസ്രയേലിന് വൻതോതില്‍ കുറയ്ക്കാൻ സാധിക്കുമെന്നാണ് ഇസ്രയേല്‍ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞത്.
ശത്രുക്കള്‍ കണ്ണകലത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ചുട്ടു ചാമ്ബലാക്കാൻ അയണ്‍ ബീമിന് നിമിഷനേരം മതി. ശത്രുക്കളെ സാമ്ബത്തികമായി തകർക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ ജീവനുകള്‍ സംരക്ഷിക്കാനും സാധിക്കുമെന്ന് നഫ്താലി ബെനറ്റ് കൂട്ടിച്ചേർത്തു.
റോക്കറ്റുകളും മിസൈലുകളും തടസ്സപ്പെടുത്തുന്നതിന് ഇതിനകം തന്നെ ശ്രദ്ധനേടിയ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമില്‍ നിന്ന് വ്യത്യസ്തമായി, അയണ്‍ ബീം ‘അഭൂതപൂർവമായ കൃത്യതയോടെ’ മോർട്ടാറുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ തകർക്കാനുള്ള അത്യാധുനിക ലേസർ സംവിധാനമാണ്.