Fincat

നിയമപ്രകാരമുള്ള മുന്നറിയിപ്പില്ല, അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരേ ഹര്‍ജി


കൊച്ചി: അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്കമായ Mother Mary Comes To Me-യുടെ കവർ പേജ് പുതിയ വിവാദത്തില്‍.എഴുത്തുകാരി പുക വലിക്കുന്ന മുഖചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ഹൈക്കോടതി അഭിഭാഷകനായ രാജസിംഹനാണ് ഹർജി നല്‍കിയത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ് പുസ്തകത്തിന്റെ കവർപേജില്‍ നല്‍കാതെയാണ് അച്ചടിച്ചതെന്നും ഹർജിയില്‍ പറയുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുമ്ബാകെ ഹർജി പരിഗണിക്കപ്പെടുകയും കേന്ദ്രസർക്കാറിനോട് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലാതെ എഴുത്തുകാരിയുടെ പുകവലിക്കുന്ന ചിത്രം പുസ്തകത്തിന്റെ മുഖചിത്രമായി അച്ചടിച്ചുവന്നത് തെറ്റാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു. പുസ്തകത്തിന്റെ പ്രചാരണവും വില്‍പനയും തടയണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം.

സമൂഹത്തില്‍ ഒരുപാട് പേരെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് അരുന്ധതി റോയിയെന്നും അവരുടെ പുകവലിക്കുന്ന ചിത്രം ഒരുപാട് പേരില്‍ പുകയില ഉപയോഗിക്കാനുള്ള പ്രചോദനമായി പ്രവർത്തിക്കുമെന്നും എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

ഈ വിഷയത്തില്‍ തുടർ നടപടികള്‍ കോടതി സ്വീകരിക്കുന്നത് കേന്ദ്രസർക്കാറിന്റെ നിലപാട് അറിഞ്ഞതിനുശേഷമായിരിക്കും.