MX

അപകടത്തില്‍ വിടപറഞ്ഞത് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ തേരാളി, മരണം ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ


ചിറ്റാരിക്കാല്‍: രാജസ്ഥാനിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ച എസ്പിജി മുൻ അംഗം ഷിൻസ് തലച്ചിറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു.ഒൻപതുവർഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പില്‍ പ്രവർത്തിച്ചു.
പ്രധാനമന്ത്രി കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോള്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഷിൻസായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്ബോഴാണ് ബൈക്കപകടത്തില്‍ മരിച്ചത്. ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്ക് പ്രത്യേകിച്ച്‌ മലയോര നിവാസികള്‍ക്ക് സഹായിയും വഴികാട്ടിയുമായിരുന്നു ഷിൻസ്. ഒരു മാസം മുമ്ബ് നാട്ടിലെത്തിയ അദ്ദേഹം അടുത്ത ജനുവരിയോടെ വിരമിച്ച്‌ നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു.
മണ്ഡപം സെയ്ന്റ് ജോസഫ് എയ്ഡഡ് യുപി സ്കൂളില്‍നിന്ന് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിൻസ് കടുമേനി സെയ്ന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു തുടർപഠനം. 23 വർഷം മുമ്ബാണ് അതിർത്തിരക്ഷാസേനയില്‍ ചേർന്നത്. 192-ാം ബറ്റാലിയനിലായിരുന്നു നിയമനം. ഡല്‍ഹിയും കശ്മീരും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തു. കഠിനമായ ശാരീരികക്ഷമതാപരീക്ഷയ്ക്കും മറ്റ് വിവിധ പരീക്ഷകള്‍ക്കും അഭിമുഖത്തിനും ശേഷമാണ് പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പിലേക്ക് ഷിൻസിനെ എടുത്തത്. “ആ സെലക്ഷൻ വാർത്ത കേട്ടപ്പോള്‍ ഞങ്ങള്‍ക്കൊക്കെ അഭിമാനമായിരുന്നു. മലയോരത്തെ സാധാരണ കർഷകകുടുംബത്തില്‍ ജനിച്ച്‌, സാധാരണ സ്കൂളില്‍ പഠിച്ച ആള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ചെറിയ കാര്യമല്ലല്ലോ’- അടുത്ത ബന്ധുവായ സജി ഓർക്കുന്നു. സാധാരണഗതിയില്‍ മൂന്നുവർഷമാണ് എസ്പിജിയില്‍ പ്രവർത്തിക്കുക. ഷിൻസിന്റെ മികവ് കണക്കിലെടുത്ത് അദ്ദേഹത്തിന് രണ്ട് ടേം കൂടി നല്‍കുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അപകടവിവരം വീട്ടിലറിയിച്ചത്. ഭാര്യ ജസ്മിയുടെ ഫോണിലേക്കാണ് ബിഎസ്‌എഫില്‍നിന്ന് വിളിച്ചത്. ചെറിയ പരിക്ക് പറ്റിയെന്നേ ആദ്യം പറഞ്ഞുള്ളൂ. വീട്ടുകാർ പുറപ്പെടാൻ ആലോചിക്കുമ്ബോഴേക്ക് അടുത്ത കോള്‍ വന്നു, വരേണ്ടെന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ്. 13 വർഷം മുമ്ബാണ് മണക്കടവ് ചീക്കാട് റോഡിലെ കിഴക്കേപ്പടിയില്‍ ഷിൻസ് വീടും സ്ഥലവും വാങ്ങിയത്. ഷിൻസിനൊപ്പം ഡല്‍ഹിയിലായിരുന്ന ജസ്മിക്ക് ഇതിനിടെ സംസ്ഥാന സർക്കാർ സർവീസില്‍ നഴ്സായി നിയമനം കിട്ടി. ഇതോടെയാണ് അവർ നാട്ടിലേക്ക് പോന്നത്.