രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്
വോട്ട് ചോരി, രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്
രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. എഐസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ പത്ത് മണിക്കാണ് വാർത്താ സമ്മേളനം. വിഷയം വ്യക്തമാക്കിയിട്ടില്ലെങ്കിലും വോട്ട് ചോരിയിലെ തുടർ വാർത്താ സമ്മേളനമാകാനാണ് സാധ്യത. വോട്ട് ചോരിയിലെ തുടർ ക്രമക്കേടുകൾ വൈകാതെ പുറത്ത് വിടുമെന്നും, ഹൈഡ്രജൻ ബോംബായിരിക്കുമെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചിരുന്നു. ആ വിവരങ്ങൾ പുറത്ത് വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ മുൻപിൽ നിൽക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.
ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിന് നാളെ തുടക്കം
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് നാളെ കൈനകരിയിൽ തുടക്കമാകും. വിവിധ സ്ഥലങ്ങളിലായി 14 മത്സരങ്ങളാണ് ചാന്പ്യൻസ് ബോട്ട് ലീഗിൽ ഉള്ളത്. വള്ളംകളിയുടെ ആവേശം അലതല്ലുന്ന ച്ന്പ്യൻസ് ബോട്ട് ലീഗ്. ചുണ്ടൻ വള്ളങ്ങളിലെ ചാന്പ്യനെ കണ്ടെത്താനുള്ള മത്സരങ്ങൾക്ക് നാളെ കൈനകരിയിൽ തുടക്കമാവുകയാണ്. നെഹ്റുട്രോഫി വള്ളം കളിയിൽ ആദ്യ ഒൻപത് സ്ഥാനങ്ങളിൽ എത്തിയവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. വീയപുരം ചുണ്ടനും, നടുഭാഗവും, മേൽപാടവും, നിരണം, പായിപ്പാടൻ ഒന്ന്, നടുവിലേപ്പറന്പൻ, കാരിച്ചാൽ, ചെറുതന, ചന്പക്കുളം എന്നീ ചുണ്ടനുകളുമാണ് മത്സരത്തിന്‍റെ ഭാഗമാവുക. കഴിഞ്ഞ വർഷം ആറു മത്സരങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ വിവിധ ഇടങ്ങളിലായി 14 മത്സരങ്ങൾ ഉണ്ട്. കാസർകോഡ് ചെറുവത്തൂർ, ബേപ്പൂർ, തൃശ്ശൂർ കോട്ടപ്പുറം, എറണാകുളം പിറവം, മറൈൻഡ്രൈവ്, കോട്ടയം താഴത്തങ്ങാടി, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം, കല്ലട എന്നിവിടങ്ങളാണ് മത്സര വേദികൾ. ആദ്യമായാണ് കാസർഗോഡ് മത്സരത്തിന് വേദിയാകുന്നത്. കണ്ണൂർ ധർമടത്തെ മത്സര തിയ്യതി മാത്രം തീരുമാനിച്ചിട്ടില്ല. ഡിസംബർ 6ന് കൊല്ലം പ്രസിഡന്‍റ്സ് ട്രോഫിയോടെ സിബിഎൽ സമാപിക്കും.
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചാൻ കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ
ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചാൻ കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി കൊണ്ടുവരുന്നത്.പുതിയ ഭേദഗതി പ്രകാരം വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിവേഗം ഉത്തരവിടാം. നിലവിലെ നിയമം അനുസരിച്ച് വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിടാൻ നടപടിക്രമങ്ങൾ ഏറെയുണ്ട്. നിയമസഭ ബിൽ പാസാക്കിയാലും ഭേദഗതി കേന്ദ്ര നിയമത്തിലായതിനാൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ബിൽ കണ്ണിൽപൊടിയിടാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം വിമർശിക്കാനിടയുണ്ട്.സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറുക്കാനുള്ള വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും.വിലക്കയറ്റം അടിയന്തിരപ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷനീക്കം. സഭാ കവാടത്തിൽ സനീഷ് കുമാറിൻറെയും എകെഎം അഷറഫിൻറെയും സത്യാഗ്രഹസമരം തുടരുകയാണ്.
മുതലമടയിൽ ആദിവാസി മധ്യവയസകനെ ആറുദിവസം ഇരുട്ടുമുറിയിൽ പട്ടിണിക്കിട്ട് മർദിച്ച സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും
പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസകനെ ആറുദിവസം ഇരുട്ടുമുറിയിൽ പട്ടിണിക്കിട്ട് മർദിച്ച സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു പൊലീസ്. വെള്ളയനെ മർദ്ദിച്ച ഒന്നാം പ്രതി പ്രഭു തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ പറ്റി സൂചനകൾ ലഭിച്ചതായും വിവരമുണ്ട്. പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതി തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. കേസിൽ രണ്ടു മാസമായിട്ടും പ്രതിയെ പിടിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.കേസ് ഒത്തു തീർപ്പാക്കാൻ ചിറ്റൂർ DySPയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മർദനമേറ്റ വെള്ളയ്യനും രംഗത്തെത്തിയിരുന്നു