റേഞ്ച് റോവര്‍ വാങ്ങാനിരിക്കുന്നവരുടെ ബെസ്റ്റ് ടൈം; ജിഎസ്ടിയില്‍ വില കുറയുന്നത് 30 ലക്ഷം രൂപ വരെ
കേന്ദ്ര സർക്കാർ ജിഎസ്ടിയില്‍ വരുത്തിയ പരിഷ്കാരം ഇന്ത്യയിലെ വാഹന വ്യവസായത്തില്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്.ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തിയതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി രാജ്യത്തെ പ്രീമിയം വാഹന നിർമാതാക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം കമ്ബനികളും വില കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവറാണ് ഏറ്റവുമൊടുവില്‍ വിലയിലെ മാറ്റം പുറത്തുവിട്ടിരിക്കുന്നത്.
ലാൻഡ് റോവറിന്റെ വാഹന നിരയിലെ ഏറ്റവും ജനപ്രിയ മോഡലായ ഡിഫൻഡറിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് ഏഴ് ലക്ഷം രൂപ മുതല്‍ 18.6 ലക്ഷം രൂപ വരെ വില കുറയുമെന്നാണ് നിർമാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2.0 ലിറ്റർ പെട്രോള്‍ എൻജിൻ 110 എക്സ്-ഡൈനാമിക് എന്ന വേരിയന്റിന് ഏഴ് ലക്ഷം രൂപയാണ് കുറയുന്നത്. അതേസമയം, 4.4 ലിറ്റർ പെട്രോള്‍ എൻജിൻ 110 ഒക്ടാ എഡിഷൻ വണ്‍ പതിപ്പിന് 18.6 ലക്ഷം രൂപയും കുറയും 2.60 കോടി രൂപയാണ് ഈ വാഹനത്തിന്റെ പുതിയ വില.
ലാൻഡ് റോവർ റേഞ്ച് റോവർ മോഡലുകളുടെ വിലയിലാണ് ഏറ്റവും വലിയ കുറവുണ്ടാകുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 16.5 ലക്ഷം രൂപ മുതല്‍ 30.4 ലക്ഷം രൂപ വരെയാണ് റേഞ്ച് റോവർ വാഹനങ്ങളുടെ വില കുറയുന്നത്. 3.0 ഡീസല്‍ എൻജിൻ എച്ച്‌എസ്‌ഇ പതിപ്പിന് 16.5 ലക്ഷം രൂപയാണ് കുറയുന്നത്. 2.31 കോടി രൂപയിലാണ് പുതിയ വില ആരംഭിക്കുന്നത്. 30.4 ലക്ഷം രൂപയുടെ കുറവാണ് റേഞ്ച് റോവറിന്റെ 4.4 ലിറ്റർ പെട്രോള്‍ എസ്വി ലോങ് വീല്‍ ബേസ് മോഡലിന്റെ വിലയില്‍ ഉണ്ടാകുന്നത്.
റേഞ്ച് റോവർ സ്പോർട്ട് മോഡലുകളുടെ വിലയിലും ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 3.0 ലിറ്റർ പെട്രോള്‍-ഡീസല്‍ ഡൈനാമിക് എച്ച്‌എസ്‌ഇ പതിപ്പിന് 9.8 ലക്ഷം രൂപയാണ് കുറയുക. ഈ വാഹനത്തിന്റെ 4.4 ലിറ്റർ എസ്വി എഡിഷൻ ടൂ മോഡലിന്റെ വിലയില്‍ 19.7 ലക്ഷം രൂപയുടെ കുറവും ഉണ്ടാകും. റേഞ്ച് റോവർ വെലാർ മോഡലുകളുടെ വിലയില്‍ ആറുലക്ഷം രൂപയുടെ കുറവാണ് നിർമാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 83.9 ലക്ഷം രൂപയിലാണ് വെലാറിന്റെ വില ആരംഭിക്കുന്നത്.
ലാൻഡ് റോവറിന്റെ വാഹന നിരയിലെ എൻട്രി ലെവല്‍ മോഡലായ റേഞ്ച് റോവർ ഇവോക്കിന്റെ വിലയില്‍ 4.6 ലക്ഷം രൂപ കുറയും. 64.9 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ പുതിയ വില ആരംഭിക്കുന്നത്. ലാൻഡ് റോവർ ഡിസ്കവറിയുടെ ഡൈനാമിക് എച്ച്‌എസ്‌ഇ, ടെംപെസ്റ്റ് എന്നീ രണ്ട് വേരിയന്റുകള്‍ക്കും യഥാക്രമം 9.3 ലക്ഷം രൂപയും 9.9 ലക്ഷം രൂപയുമാണ് കുറയുന്നത്. അതേസമയം, ഡിസ്കവറി സ്പോർട്ടിന് 4.5 ലക്ഷം രൂപയാണ് കുറച്ചിരിക്കുന്നതെന്നും നിർമാതാക്കള്‍ അറിയിച്ചു.