Fincat

മസ്തിഷ്കജ്വരം; ചിലരുടെ മൂക്കിലൂടെമാത്രം അമീബ എങ്ങനെ തലച്ചോറിലെത്തുന്നു?; പഠനം ആവശ്യമെന്ന് വിദഗ്ധര്‍


കണ്ണൂർ: അപൂർവമായി കണ്ടിരുന്ന പ്രൈമറി അമീബിക് മെനിൻജൊ എൻസഫലൈറ്റിസ് ബാധിച്ച്‌ ഈ വർഷം 19 പേർ മരിച്ചിട്ടും രോഗം എങ്ങനെ പ്രതിരോധിക്കാമെന്നതില്‍ പഠനങ്ങള്‍ നടക്കുന്നില്ല.ആശങ്കവേണ്ട, ജാഗ്രത മതിയെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ സമീപനത്തില്‍ നിരാശരാണ് വൈദ്യസമൂഹവും. രോഗത്തിന്റെ ഉറവിടം കണ്ടെത്തിയും കാരണങ്ങള്‍ മനസ്സിലാക്കിയും പ്രതിരോധ നിയന്ത്രണമാർഗങ്ങള്‍ സ്വീകരിക്കണമെങ്കില്‍ വിദഗ്ധസമിതി സമഗ്രപഠനം നടത്തേണ്ടതുണ്ട്.
പല ജില്ലകളിലും രോഗം റിപ്പോർട്ടു ചെയ്യപ്പെട്ടുകഴിഞ്ഞു. കുളത്തില്‍ കുളിക്കാത്തവരും രോഗികളായി. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളിലെ വിവിധ വിഭാഗങ്ങളിലെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തേണ്ടതുണ്ട്.
ആയിരക്കണക്കിന് ആളുകള്‍ കുളത്തില്‍ കുളിക്കുമ്ബോള്‍ ചിലരുടെ മൂക്കിലൂടെമാത്രം അമീബ എങ്ങനെ തലച്ചോറിലെത്തുന്നു എന്നതും പഠനവിധേയമാക്കണം.
കോളിഫോം ബാക്ടീരിയ കാരണമാകുന്നോ?
അമീബയുടെ പ്രധാന ഭക്ഷണങ്ങളിലൊന്ന് ബാക്ടീരിയയാണ്. സംസ്ഥാനത്തെ കിണറുകളിലും ജലസ്രോതസ്സുകളിലുമെല്ലാം കോളിഫോം ബാക്ടീരിയ വലിയതോതിലുണ്ട്. 60 ലക്ഷത്തിലേറെ കിണറുകളും അതിലുമേറെ കക്കൂസുകളുമുള്ള നാട്ടില്‍ കിണർവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ എത്താൻ സാധ്യതകൂടുതലാണ്. 85 ശതമാനത്തോളം മലിനജലവും സംസ്കരിക്കാതെ പുറത്തെത്തുന്നതിനാല്‍ ജലാശയങ്ങളും മലിനമാകുന്നു. ബാക്ടീരിയയുടെ സാന്നിധ്യം ഇവിടെയും കൂടും. അതുപോലെ അമീബയും.
ഉറവിടം കണ്ടെത്തണം
ഉറവിടവും കാരണങ്ങളും വ്യാപനവും മനസ്സിലാക്കാൻ കൃത്യമായ അന്വേഷണം വേണം. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളെ പഠനവിധേയമാക്കണം. രോഗപ്രതിരോധത്തിന് ഹ്രസ്വകാല, ദീർഘകാല പദ്ധതികളും വേണം. രോഗം പലയിടങ്ങളിലും റിപ്പോർട്ടുചെയ്ത സാഹചര്യത്തില്‍ പ്രാഥമികതലംമുതല്‍ എല്ലാ ഡോക്ടർമാർക്കും രോഗംസംബന്ധിച്ച്‌ ക്ലാസുകള്‍ നല്‍കണം.
ഗൗരവത്തോടെ പഠിക്കണം -ഐഎംഎ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ച്‌ ഗൗരവമായ പഠനം അനിവാര്യമാണ്. ഐഎംഎ ഇതിന് എല്ലാ സഹകരണവും പിന്തുണയും നല്‍കും -ഡോ. കെ. ശശിധരൻ, ഐഎംഎ സംസ്ഥാന സെക്രട്ടറി