Fincat

സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം, ഇന്ന് ഒമാനെതിരേ മുന്നൊരുക്കം


അബുദാബി: സൂപ്പർ ഫോറിലെ പാകിസ്താനെതിരേയുള്ള മത്സരത്തിനുമുൻപുള്ള പരിശീലനമത്സരം… ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഒമാനെതിരേയുള്ള മത്സരം ഇന്ത്യൻ ടീമിന് വലിയ മത്സരത്തിനുള്ള മുന്നൊരുക്കം മാത്രമാണ്.ആദ്യരണ്ടു കളിയിലും ആധികാരികമായി ജയിച്ച സൂര്യകുമാർ യാദവും സംഘവും അതിന്റെ തുടർച്ചയാണ് അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിലും പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് ഇന്ത്യ-ഒമാൻ പോരാട്ടം.

ബുംറയ്ക്ക് വിശ്രമം

ഞായറാഴ്ചയാണ് സൂപ്പർ ഫോറിലെ ഇന്ത്യ-പാകിസ്താൻ മത്സരം. ഈ മത്സരത്തിനായി പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇടംകൈയൻ പേസർ അർഷ്ദീപ് സിങ് ടീമില്‍ ഇടംപിടിക്കും. മറ്റുമാറ്റങ്ങള്‍ക്ക് ടീം മാനേജ്മെന്റ് തയ്യാറാകില്ല.

യുഎഇ, പാകിസ്താൻ ടീമുകള്‍ക്കെതിരേ ഇന്ത്യൻ സ്പിൻത്രയമായ കുല്‍ദീപ് യാദവ്-അക്സർ പട്ടേല്‍-വരുണ്‍ ചക്രവർത്തി എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. ഏഴുവിക്കറ്റുമായി കുല്‍ദീപാണ് ഇന്ത്യൻ ബൗളർമാരില്‍ ഒന്നാമത്. പാകിസ്താനെതിരേ അക്സർ പട്ടേലും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ട്വന്റി-20 ക്രിക്കറ്റ് റാങ്കിങ്ങിലെ ഒന്നാമനാണ് വരുണ്‍. പേസ് വിഭാഗത്തില്‍ ബുംറ മികച്ചഫോമിലേക്ക് എത്തിയിട്ടില്ല. ബൗളിങ് ഓപ്പണ്‍ചെയ്യുന്ന ഹാർദിക്കും ശരാശരിയിലാണ്.

ഇന്ത്യൻ ബാറ്റിങ്നിര കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ചും സഞ്ജു സാംസണ്‍, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരടങ്ങുന്ന മധ്യനിര. മുന്നേറ്റനിര ഫോമിലാണ്. ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും വണ്‍ഡൗണ്‍ ബാറ്ററും നായകനുമായ സൂര്യകുമാർ യാദവും ഫോമിലേക്കെത്തിയിട്ടുണ്ട്.

മാനംകാക്കാൻ ഒമാൻ

രണ്ടുകളിയിലും തോറ്റ ഒമാൻ പ്രതീക്ഷവെക്കുന്നത് ബൗളിങ് നിരയിലാണ്. പാകിസ്താൻ, യുഎഇ ടീമുകള്‍ക്കെതിരേ ബൗളർമാർ മോശമല്ലാതെ പന്തെറിഞ്ഞിട്ടുണ്ട്. പാകിസ്താനെതിരേ ഫൈസല്‍ ഷായും അമീർ കലീമും മൂന്നുവീതം വിക്കറ്റെടുത്തിരുന്നു. ബാറ്റിങ്ങില്‍ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ ജതീന്ദർ സിങ് ഹമ്മദ് മിർസ, ആര്യൻ ബിസ്ത് എന്നിവരിലാണ് ടീം പ്രതീക്ഷവെക്കുന്നത്. ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാല്‍ ടീമിന് അന്തസ്സോടെ നാട്ടിലേക്കുപോകാം.

പിച്ച്‌ റിപ്പോർട്ട്

സ്പിന്നിനെ തുണയ്ക്കുന്നതാണ് അബുദാബിയിലെ പിച്ച്‌. രണ്ടാമത് ബാറ്റിങ് ദുഷ്കരമാകും. തുടക്കത്തില്‍ ബാറ്റർമാർക്ക് നേരിയ അനുകൂല്യമുണ്ടാകും. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.