Fincat

നീരജ് ഗെയ്‌വാന്റെ ജാൻവി കപൂര്‍- ഇഷാൻ ഖട്ടര്‍ ചിത്രം ‘ഹോംബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എൻട്രി


കൊല്‍ക്കത്ത: നീരജ് ഗെയ്വാൻ സംവിധാനംചെയ്ത ‘ഹോംബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. നിർമാതാവും സംവിധായകനുമായ എൻ.ചന്ദ്ര ചെയർമാൻ ആയ സമിതിയാണ് ചിത്രം തിരഞ്ഞെടുത്തത്. ഇഷാൻ ഖട്ടർ, വിശാല്‍ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഹോംബൗണ്ട്’. കൊല്‍ക്കത്തയിലെ വാർത്താസമ്മേളനത്തില്‍ സെലക്ഷൻ കമ്മിറ്റി ചെയർമാൻ തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
24 ചിത്രങ്ങളുടെ പട്ടികയില്‍നിന്നാണ് ‘ഹോംബൗണ്ടി’നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്തത്. ദ ബംഗാള്‍ ഫയല്‍സ്, പുഷ്പ 2, കേസരി ചാപ്റ്റർ 2, കണ്ണപ്പ, കുബേര, ഫുലെ എന്നീ ചിത്രങ്ങളടക്കം സെലക്ഷൻ കമ്മിറ്റിയുടെ മുമ്ബാകെ എത്തിയിരുന്നു. മലയാളിയായ രാജീവ് അഞ്ചല്‍ ഉള്‍പ്പെടെ 14 പേരായിരുന്നു സെലക്ഷൻ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.
കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറന്റോയില്‍ ഇന്റർനാഷണല്‍ പീപ്പിള്‍സ് ചോയ്സ് അവാർഡില്‍ മൂന്നാം സമ്മാനം ചിത്രം സ്വന്തമാക്കി. ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലെ സാധാരണക്കാരായ, രണ്ടുമതത്തില്‍പ്പെട്ട യുവാക്കളായ ചന്ദന്റേയും ഷൊയേബിന്റേയും കഥ പറയുന്നതാണ് ചിത്രം.
ഇരുവരുടേയും സ്വപ്നം പോലീസില്‍ ചേരുക എന്നുള്ളതാണ്. ആ യാത്രയില്‍ അവർ നേരിടുന്ന സാമ്ബത്തികബുദ്ധിമുട്ടുകളും മതപരമായ പ്രശ്നങ്ങളും അതിന്റെ രാഷ്ട്രീയവുമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക് ഷായാണ് ഛായാഗ്രാഹകൻ. നരേൻ ചന്ദാവർക്കറും ബെനെഡിക്റ്റ് ടെയ്ലറും ചേർന്ന് സംഗീതമൊരുക്കിയിരിക്കുന്നു. ചിത്രസംയോജനം നിതിൻ ബൈദിൻ. മാർട്ടിൻ സ്കോർസേസി, കരണ്‍ ജോഹർ, അപൂർവ മേഹത്ത, അദാർ പൂനവാല, സോമൻ മിശ്ര, പ്രവീണ്‍ കൈർനർ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
2015 ലെ ‘മസാൻ’ ആയിരുന്നു ഹൈദരാബാദ് സ്വദേശിയായ നീരജ് ഗെയ്വാന്റെ ആദ്യ ചിത്രം. പ്രശസ്തമായ ടെലിവിഷൻ പരമ്ബരകളും ഹ്രസ്വചിത്രങ്ങളും നിർമിച്ചിട്ടുള്ള അദ്ദേഹം അനേകം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.