Fincat

‘യാ അലി’യിലൂടെ പ്രശസ്തനായ ഗായകൻ സുബീൻ ഗാര്‍ഗ് അന്തരിച്ചു; മരണം സ്കൂബ ഡൈവിങ്ങിനിടെ


ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകനും അസമീസ് കലാകാരനുമായ സുബീൻ ഗാർഗ് (52) സിങ്കപ്പുരില്‍ വെച്ച്‌ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു.നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം സിങ്കപ്പുരിലെത്തിയത്.ഡൈവിങ്ങിനിടയില്‍ അദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ പുറത്തെടുത്ത് സിപിആർ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സെപ്റ്റംബർ 20, 21 തിയതികളില്‍ ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം സിങ്കപ്പുരിലെത്തിയത്. സുബീൻ ഗാർഗിൻ്റെ ആകസ്മിക നിര്യാണത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അനുശോചനം രേഖപ്പെടുത്തി.

‘ഗ്യാങ്സ്റ്റർ’റിലെ ‘യാ അലി’യുടെ ഗായകൻ

1972-ല്‍ മേഘാലയയില്‍ ജനിച്ച സുബീൻ ഗാർഗിൻ്റെ യഥാർത്ഥ പേര് സുബീൻ ബർതാക്കൂർ എന്നാണ്. തൊണ്ണൂറുകളില്‍ തൻ്റെ പേര് മാറ്റി ഗോത്രനാമമായ ‘ഗാർഗ്’ അദ്ദേഹം സ്റ്റേജ് നാമമായി സ്വീകരിച്ചു.തൊണ്ണൂറുകളില്‍ അസമില്‍ തരംഗമായിരുന്ന സുബീൻ 2006-ല്‍ പുറത്തിറങ്ങിയ ‘ഗ്യാങ്സ്റ്റർ’ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘യാ അലി’യിലൂടെയാണ് ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്. ‘സുബഹ് സുബഹ്’, ‘ക്യാ രാസ് ഹേ’ ഉള്‍പ്പെടെ നിരവധി ബോളിവുഡ് ഹിറ്റുകള്‍ പിന്നീട് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.