Fincat

പോളച്ചനായി ‘വരവ’റിയിച്ച്‌ ജോജു; ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു


ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറയൂരില്‍ പുരോഗമിക്കുന്നു.ജോജു ജോർജ് കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിന്റെ ഭാഗമായത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു എത്തുന്നത്. ജോജു ജോർജ്-ഷാജി കൈലാസ് കോമ്ബിനേഷൻ ഇതാദ്യമായാണ് ഒരുമിക്കുന്നത്.

ഓള്‍ഗാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ-ജോമി ജോസഫ് ആണ്. വൻ മുതല്‍മുടക്കിലും വമ്ബൻ താരനിരയുടെ അകമ്ബടിയോടെയുമെത്തുന്ന ചിത്രം പൂർണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ആക്ഷൻ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സായ കലൈ കിങ്സണ്‍, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണൻ എന്നിവർ ഒരുമിക്കുന്നു.

ഹൈറേഞ്ചില്‍ ഉള്ള പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ‘വരവ്’. മികച്ച നടനും മികച്ച സംവിധായകനും മികച്ച ആക്ഷൻ ത്രില്ലറിനായി ഒരുമിക്കുമ്ബോള്‍ കാത്തിരിപ്പിനുള്ള പ്രതീക്ഷകള്‍ ഏറെയാണ്. മൂന്നാർ, മറയൂർ, തേനി കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങള്‍ കൊണ്ട് ‘വരവ്’ ചിത്രീകരണം പൂർത്തിയാക്കും.

മലയാളത്തിന്റെ പ്രിയനടിയായ സുകന്യയുടെ തിരിച്ചുവരവാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്ബോല്‍, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

മികച്ച വിജയം നേടിയ ഷാജി കൈലാസ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ എ.കെ. സാജനാണ് ‘വരവി’ന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം -എസ്. ശരവണൻ, എഡിറ്റർ -ഷമീർ മുഹമ്മദ്, കലാസംവിധാനം -സാബു റാം, മേക്കപ്പ് -സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ -സമീര സനിഷ്, ചീഫ് അസസിയേറ്റ് ഡയറക്ടർ -സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേഴ്സ് -ശിവൻ പൂജപ്പുര, അനില്‍ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കണ്‍ട്രോളർ -വിനോദ് മംഗലത്ത്, പിആർഒ -മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -ഹരി തിരുമല, ഡിജിറ്റല്‍ മാർക്കറ്റിങ് -ഒബ്സ്ക്യൂറ, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് -ബ്രിങ്ഫോർത്ത്.