മദീന വിമാനത്താവള റോഡിന് സൗദി കിരീടാവകാശിയുടെ പേര് നൽകും
റിയാദ്: മദീനയിലെ വിമാനത്താവള റോഡിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പേര് നൽകണമെന്ന് സൽമാൻ രാജാവിന്റെ നിർദ്ദേശം. മദീന പ്രവാചക പള്ളിയെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും വിമാനത്താവളത്തിലെ റോയൽ ടെർമിനലിലേക്കും നയിക്കുന്നതാണ് കിങ് സൽമാൻ റോഡ്. ലോകത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി പദ്ധതിയായ മദീന വിഷൻസ് പദ്ധതിയും ഈ റോഡിലാണ്. ഈ അവസരത്തിൽ മദീന മേഖല അമീർ സൽമാൻ ബിൻ സുൽത്താൻ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു.
മദീന ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പ്രകടമായ സ്വാധീനം ചെലുത്തിയ വികസന സംരംഭങ്ങളും തന്ത്രപരമായ പദ്ധതികളും രാജ്യത്തുടനീളം ആരംഭിക്കുന്നതിൽ കിരീടാവകാശി മുൻനിര പങ്ക് മദീന ഗവർണർ എടുത്തുപറഞ്ഞു. മദീനയിലെ പ്രധാന റോഡുകളിലൊന്നാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡ്. 13 കിലോമീറ്റർ ദൈർഘ്യമുള്ള ഇത് ഏറ്റവും പ്രധാനപ്പെട്ട പ്രധാന റോഡുകളായ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് (ഒന്നാം റിങ് റോഡ്), കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് റോഡ് (രണ്ടാം റിങ് റോഡ്), കിങ് ഖാലിദ് ബിൻ അബ്ദുൽ അസീസ് റോഡ് (മൂന്നാം റിങ് റോഡ്) എന്നിവയുമായി ബന്ധിപ്പിക്കുന്നു.
മദീന മേഖല മുനിസിപ്പാലിറ്റിയും മേഖല വികസന അതോറിറ്റിയും ചേർന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡിൽ നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വാഹന, കാൽനട പാതകളും കെട്ടിടങ്ങളുടെ മുൻഭാഗങ്ങളും വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘നഗരത്തിന്റെ മാനുഷികവൽക്കരണം’ പദ്ധതിയും ഇതിൽ ഏറ്റവും പ്രധാനമാണ്.