മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹത്തിന് അവകാശമില്ല, ഹൈക്കോടതി നിരീക്ഷണം
കൊച്ചി: മുസ്ലിം വ്യക്തിനിയമം ഒരു പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും, എല്ലാ ഭാര്യമാർക്കും നീതി ഉറപ്പാക്കാൻ സാധിക്കണമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിക്ക് രണ്ടാമതൊരു വിവാഹത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ ഭാര്യമാർക്കും തുല്യനീതി ഉറപ്പാക്കാൻ കഴിയുമെങ്കിൽ മാത്രമേ മുസ്ലിം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കാനാവൂവെന്നാണ് ഖുർആനിൽ പറയുന്നതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന പാലക്കാട് സ്വദേശിയായ ഒരാൾ മൂന്നാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ഇയാളുടെ രണ്ടാം ഭാര്യ കുടുംബക്കോടതിയിൽ നൽകിയ ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയിരുന്നു. ഭിക്ഷാടനം നടത്തുന്ന ഒരാൾക്ക് ജീവനാംശം നൽകാൻ ഉത്തരവിടാനാകില്ലെന്ന കുടുംബക്കോടതിയുടെ നിലപാട് ഹൈക്കോടതി ശരിവെച്ചു. അതേസമയം, മൂന്നാമതും വിവാഹം കഴിക്കാനുള്ള ഇയാളുടെ നീക്കം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭിക്ഷാടനം ഉപജീവനമാർഗ്ഗമായി കണക്കാക്കാൻ കഴിയില്ലെന്നും, ഇത്തരം ആളുകൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.
ഖുർആനിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഇസ്‌ലാമിൽ ബഹുഭാര്യത്വം ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമുള്ളതാണെന്നും, എല്ലാ ഭാര്യമാരെയും തുല്യമായി സംരക്ഷിക്കാൻ കഴിയുന്നവർക്ക് മാത്രമേ അതിന് അനുവാദമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ഭിക്ഷാടനം നടത്തുന്ന ഒരാൾ തുടർച്ചയായി വിവാഹം കഴിക്കുന്നത് ശരിയായ രീതിയല്ലെന്നും, ഇവർക്ക് മതനേതാക്കളുടെയും സമൂഹത്തിന്റെയും സഹായത്തോടെ ബോധവൽക്കരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജിക്കാരിയുടെയും ആദ്യ ഭാര്യയുടെയും സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
യാചകനായി ജീവിക്കുന്നയാളോട് ജീവനാംശം നൽകാൻ നിർദേശിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കുടുംബ കോടതി ഉത്തരവ് ചോദ്യംചെയ്ത് പാലക്കാട് കുറ്റിപ്പുറം സ്വദേശി എൻ. സെയ്തലവിക്കെതിരെ മലപ്പുറം സ്വദേശി ജുബൈരിയ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. വെള്ളിയാഴ്ചകളിൽ പള്ളികളിൽ ഭക്ഷാടനം നടത്തിയും ചെറിയ ജോലികൾ ചെയ്തുമാണ് ജീവിക്കുന്നതെന്നും ജീവനാംശം നൽകാനാവില്ലെന്നുമായിരുന്നു സെയ്തലവിയുടെ വാദം.
എന്നാൽ, പ്രതിക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. ജീവനാംശം നൽകാൻ യാചകനോട് നിർദേശിക്കാനാവില്ലെന്ന കുടുംബ കോടതി ഉത്തരവ് സിംഗിൾബെഞ്ചും ശരിവെച്ചു. എന്നാൽ, രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിനൊരുങ്ങുന്ന ഇയാളുടെ നടപടി കാണാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മതനിയമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാണ് മുസ്ലിം സമുദായത്തിലെ ചിലർ ബഹുഭാര്യത്വത്തെ ഉപയോഗപ്പെടുത്തുന്നതെന്ന് ഖുർആൻ വചനങ്ങൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. തുടർന്നാണ് ഹരജിക്കാരിയുടെ ഭർത്താവിന് കൗൺസലിങ് നൽകാൻ ആവശ്യപ്പെട്ടത്.