Fincat

ബാറ്റിങ്ങിനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരം, മിന്നിച്ച്‌ സഞ്ജു


അബുദാബി: ഏഷ്യാകപ്പില്‍ ഇന്ത്യക്കായി തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. ഒമാനെതിരായ മത്സരത്തില്‍ അർധ സെഞ്ചുറിയുമായാണ് താരം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.45 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 56 റണ്‍സെടുത്താണ് താരം മടങ്ങിയത്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെ.
ആദ്യരണ്ടു മത്സരങ്ങളിലും ബാറ്റുചെയ്യാൻ അവസരം കിട്ടാതിരുന്ന സഞ്ജു അവസരം മുതലാക്കുന്ന കാഴ്ചയാണ് ഒമാനെതിരേ കണ്ടത്. വണ്‍ഡൗണായി ഇറങ്ങിയ സഞ്ജുവിന് തുടക്കത്തില്‍ ടച്ചുകിട്ടാൻ ബുദ്ധിമുട്ടി. രണ്ടാം പന്തില്‍ സഞ്ജുവിനെതിരേയും എല്‍ബി അപ്പീല്‍ വന്നു. തുടക്കത്തില്‍ കരുതലോടെ നിന്ന സഞ്ജു പിന്നീട് വേഗംകൂട്ടി. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്ബോളും ക്രീസില്‍ നിലയുറപ്പിച്ച്‌ നിന്ന സഞ്ജു അക്ഷരാർഥത്തില്‍ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലുമായി.
വെടിക്കെട്ട് പ്രകടനമല്ല, മറിച്ച്‌ സാഹചര്യത്തിനനുസരിച്ച്‌ ബാറ്റ് ചെയ്താണ് സഞ്ജു കയ്യടി നേടിയത്. സൂപ്പർ ഫോർ മത്സരങ്ങളിലും സഞ്ജു ടോപ് ഓർഡറില്‍ കളിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഒമാനെ 21 റണ്‍സിന് തോല്‍പ്പിച്ചതോടെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായാണ് സൂപ്പർ ഫോറില്‍ ഏറ്റുമുട്ടുന്നത്. ഞായറാഴ്ച പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ മത്സരം.