നാല്‍പ്പത്തിയേഴ് സംവത്സരങ്ങളെ തൊട്ട പരമോന്നത ദാദാസാഹിബ് ഫാല്‍ക്കേ
നാല്‍പ്പത്തിയേഴ് സംവത്സരങ്ങള്‍! അഭിനയകലയുടെ അടിമുടിയായ മോഹൻലാല്‍ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കുന്നതിനൊപ്പം മലയാളി പിന്തുടർന്ന ജീവസ്സുറ്റ കഥകള്‍, ജീവിതങ്ങള്‍, മനസ്സില്‍പ്പതിഞ്ഞുപോയ കഥാപാത്രങ്ങള്‍…പതിനേഴാം വയസ്സില്‍ തുടങ്ങിയ അഭിനയയാത്രയ്ക്കൊപ്പം ചേർന്ന അനവധിയനവധി അംഗീകാരങ്ങള്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്കാരത്തില്‍ എത്തിനില്‍ക്കുന്നു!
മലയാളത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന തുടരൻ ഹിറ്റുകള്‍ക്കുമേല്‍ ഇന്ത്യൻ അഭിനയകലയുടെ പരമോന്നതി ബഹുമതി കൂടി! ലാല്‍ എന്നെത്തെയും പോലെ സ്വതസിദ്ധമായ പുഞ്ചിരിയില്‍. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍: ”ഒരുപാട് വേഷങ്ങളില്‍ കെട്ടിയാടി. സ്വപ്നത്തിലേക്ക് കാണാത്ത ഭാവങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറി. പുരസ്കാരങ്ങള്‍ പലതും വന്നു. ഉയർച്ചകളും താഴ്ചകളുമുണ്ടായി. പരസഹസ്രം അനുഭവങ്ങളിലൂടെ കടന്നുപോയി. ഇപ്പോഴും വേഷങ്ങളില്‍ നിന്ന് വേഷങ്ങളിലേക്ക് യാത്ര തുടരുന്നു. അപ്പോഴും എനിക്ക് പൂർണമായി തീർപ്പില്ലാത്ത ഒരു കാര്യമുണ്ട്. അഭിനയം തന്നെയാണോ എന്റെ മേഖല? എനിക്കത് ശരിയായി ചെയ്യാൻ സാധിക്കുന്നുണ്ടോ? ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.”
ഇനിയും പഠനം പൂർത്തിയാക്കാത്ത ഒരു വിദ്യാർഥിയുടെ കൗതുകത്തോടെ തനിക്കുമുന്നിലേ കഥാപാത്രങ്ങളെ പഠിക്കാൻ, അവരിലേക്കാവേശിക്കാൻ, അവരെ തന്നിലേക്കാവാഹിക്കാൻ നിരന്തരം പരിശ്രിച്ചുകൊണ്ടിരിക്കുന്ന ആ മഹാനടനെ നോക്കി ഏതൊരു മലയാളിയും നെഞ്ചോടുചേർത്തു പറയുന്നു- മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം! ഏതുപ്രകോപനത്തിലും തന്നെ മനഃസംയമനെത്തെ എറിഞ്ഞുകൊടുക്കാതെ എല്ലാവരേയും തന്നോടുചേർത്തുനിർത്തി തന്റേതായി മാറ്റിയെടുക്കുന്ന മാന്ത്രികവിദ്യയറിയാം മോഹൻലാലിന്. അതേ മാന്ത്രികവിദ്യകൊണ്ട് നാലരപ്പതിറ്റാണ്ടുകാലം മലയാള സിനിമയുടെ എല്ലാമായി മാറിയ നടൻ. ടി.പി ബാലഗോപാലനും മണ്ണാറത്തൊടി ജയകൃഷ്ണനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും ജോർജുകുട്ടിയും സാഗർ ഏലിയാസ് ജാക്കിയും ഡോ.സണ്ണിയും തുടങ്ങി നാനൂറിലധികം ചിത്രങ്ങള്‍. പക, പ്രണയം, വിരഹം, വിയോഗം, രാഷ്ട്രീയം… സിനിമയിലെ പതിവുപ്രമേയങ്ങള്‍ കൊണ്ട് തിരക്കഥയും സംവിധാനവും തിക്കുമുട്ടുമ്ബോള്‍ ലാല്‍ മാത്രം വ്യത്യസ്തനായി. പറഞ്ഞുതേഞ്ഞ പ്രമേയം പോലും നടന്റെ കൈയില്‍ തിളങ്ങി. കമേഷ്യല്‍ ഹിറ്റുകള്‍ക്കൊപ്പം മാത്രം നടന്നില്ല മോഹൻലാല്‍. സാമ്ബത്തികമായി വിജയിക്കുന്ന സിനിമകള്‍ക്കൊപ്പം തന്നെ സമാന്തര സിനിമകളെ, കലാമൂല്യമുള്ള കഥകളെ തേടിച്ചെല്ലാനും അദ്ദേഹം മടിച്ചില്ല. വാനപ്രസ്ഥത്തില്‍ കഥകളി നടൻ വിരിഞ്ഞുനിന്നപ്പോള്‍, അന്തഃസംഘർഷങ്ങളുടെ അലയടികള്‍ ഓരോ കാണിയുടെയും നെഞ്ചില്‍നിന്നുയർന്നപ്പോള്‍ നടൻ തന്റെ അഭിനയശൃംഗത്തിന്റെ പടവുകള്‍ ശാന്തമായി നടന്നുകയറി;സ്വതസിദ്ധമായ പുഞ്ചിരിയോടെ, സംയമനത്തോടെ…
മോഹൻലാല്‍ എന്നാല്‍ ഒരു മനുഷ്യനല്ല മലയാളിക്ക്. അനേകമനേകം മനുഷ്യജീവിതങ്ങളുടെ ഏകകമാണ്. എങ്ങനെയാണ് മിതമായ പ്രമേയങ്ങള്‍ വെച്ചുകൊണ്ട് വ്യത്യസ്തമായ അഭിനയം കാഴ്ചവെക്കുന്നത് എന്നതിനെക്കുറിച്ച് ലാല്‍ തന്നെ വിശദമാക്കുന്നുണ്ട് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഋതുമർമരങ്ങള്‍’ എന്ന പുസ്തകത്തില്‍: ‘ജീവിതത്തെയും വ്യക്തികളെയും നിരീക്ഷിക്കാറുണ്ട് എന്ന് പല നടന്മാരും പറഞ്ഞുകേള്‍ക്കാറുണ്ട്. ഞാൻ അങ്ങനെയൊന്നും ചെയ്യാറില്ല. അങ്ങനെയൊന്നും ഹോംവർക്ക് ചെയ്ത് എനിക്ക് അഭിനയിക്കാൻ സാധിക്കില്ല. തന്മാത്ര കണ്ട് പലരും ചോദിച്ചു. അല്‍ഷിമേഴ്സ് രോഗിയെ നിരീക്ഷിച്ചിരുന്നോ എന്ന്. അങ്ങനെ സാങ്കേതികമായി പഠിച്ചുറച്ച് അഭിനയിക്കാൻ സാധിക്കുന്നവരുണ്ടാവും. എനിക്കിന്നേവരെ അങ്ങനെ സാധിച്ചിട്ടില്ല. എന്റെയുള്ളില്‍ കഥാപാത്രത്തിന്റെ ഒരു മൂഡും പശ്ചാത്തലവും മാത്രമേ ഉണ്ടാവാറുള്ളൂ…’
കഥാപാത്രത്തിന്റെ ഒരു മൂഡും പശ്ചാത്തലവും കൊണ്ട് അഭിനയപർവ്വം ഒറ്റയ്ക്കു നടന്നുകയറുന്ന മഹാനടൻ. ആ നടത്തം നോക്കിനിന്നുകൊണ്ട് അഭിമാനം കൊള്ളുന്ന, ലോക സിനിമപോലും അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന, മലയാള ചലച്ചിത്രം. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്കാരം ഒരിക്കല്‍ക്കൂടി അർഥപൂർണമായിരിക്കുന്നു.