Fincat

പിടിച്ചെടുത്ത കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം: സിഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്. പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണ ഇവരെ സസ്പെൻഡ് ചെയ്‌തത്‌.

ഉദ്യോഗസ്ഥർക്കെതിരെ കവർച്ചക്ക് കേസെടുത്തിട്ടുണ്ട്. കുഴൽപ്പണം കടത്തുകാരെ മർദ്ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഈ മാസം 15നാണ് പൊലീസുകാർ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ചുണ്ടേൽ സ്വദേശി കൊണ്ടുവന്ന 3.3 ലക്ഷം രൂപയാണ് വൈത്തിരി പൊലീസ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി കൊണ്ടു വന്നതായിരുന്നു പണം. എന്നാൽ പണം പിടിച്ചെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടരന്വേഷണവും നടന്നില്ല. ഇതോടെ ചുണ്ടേൽ സ്വദേശി ജില്ലാ പൊലീസിന് പരാതി നൽകി. തുട‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥ‍ർക്ക് വീഴ് സംഭവിച്ചതായി കണ്ടെത്തിയത്. സിഐ അനിൽകുമാറിനെതിരെ മുൻപും ആരോപണം ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വ്യാപിപ്പിക്കും.