സഞ്ജുവിന്റെ കൈകളിലൊതുങ്ങി ഫഖര്‍ പുറത്ത്, രണ്ട് തവണ ക്യാച്ച് വിട്ടുകളഞ്ഞ് ഇന്ത്യ
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തില്‍ പാകിസ്താൻ ബാറ്റിങ് തുടരുന്നു. നിലവില്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ് പാകിസ്താൻ.ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖർ സമാന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്. ഒമ്ബത് പന്തില്‍ നിന്ന് താരം 15 റണ്‍സെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജുവിന്റെ കൈകളില്‍ ഫഖറിന്റെ ഇന്നിങ്സ് അവസാനിച്ചു.
സഹിബ്സാദ ഫർഹാനും സയിം അയൂബുമാണ് ക്രീസില്‍. അതേസമയം ഇന്ത്യ രണ്ട് തവണ പാക് ബാറ്റർമാരുടെ ക്യാച്ച് വിട്ടുകളഞ്ഞു.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമില്‍ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവർത്തിയും തിരിച്ചെത്തി. അതേസമയം, തീരുമാനം അറിയിച്ച് സംസാരിച്ചതിന് ശേഷം സൂര്യ മടങ്ങി. പാക് നായകൻ സല്‍മാൻ ആഗയ്ക്ക് ഇത്തവണയും കൈകൊടുക്കാൻ തയ്യാറായില്ല. കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തില്‍ സ്വീകരിച്ച നിലപാട് ഇന്ത്യ തുടർന്നു.
ഇന്ത്യൻ ടീം – അഭിഷേക് ശർമ, ശുഭ്മാൻ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാർ യാദവ്, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവർത്തി
പാകിസ്താൻ ടീം – സയിം അയൂബ്, സഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സല്‍മാൻ ആഗ, ഹുസ്സൈൻ താലത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമും നേർക്കുനേർ വന്നപ്പോഴുണ്ടായ ഹസ്തദാനവിവാദം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് വീണ്ടുമൊരു പോരാട്ടം. ഗ്രൂപ്പ് മത്സരത്തില്‍ ടോസിനുശേഷവും മത്സരം പൂർത്തിയായപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യൻ ടീമും പാകിസ്താൻ താരങ്ങള്‍ക്ക് കൈകൊടുത്തിരുന്നില്ല. ഇതിനെതിരേ പാകിസ്താൻ പരാതിയും ബഹിഷ്കരണതന്ത്രവും പ്രയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇതോടെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും കളിക്കാനിറങ്ങുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാർ യാദവും സംഘവും ജയംനേടിയത്. 47 റണ്‍സുമായി പുറത്താകാതെനിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യൻ ബാറ്റിങ്ങിന് ചുക്കാൻപിടിച്ചത്. കുല്‍ദീപ് യാദവ്-അക്സർ പട്ടേല്‍-വരുണ്‍ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻത്രയം പാക് ബാറ്റർമാരെ വരച്ചവരയില്‍ നിർത്തുകയും ചെയ്തു. ടൂർണമെന്റില്‍ കളിക്കളത്തിലും പുറത്തും പാകിസ്താൻ പ്രതിസന്ധിയിലാണ്. ഇനിയൊരു തോല്‍വി ടീമിനെ വലിയ കുഴപ്പത്തിലേക്ക് നയിക്കും.