Fincat

നവ മധ്യവര്‍ഗ്, നാഗരിക് ദേവോ ഭവ, ബചത് ഉത്സവ്; പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ത്?


ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിലെ സുപ്രധാനമായ മാറ്റങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ ഉപയോഗിച്ച ചില വാക്കുകള്‍ ശ്രദ്ധേയമാവുന്നു.’നാഗരിക് ദേവോ ഭവ’, ‘നവ മധ്യവർഗ്’, ‘ബചത് ഉത്സവ്’ എന്നീ വാക്കുകളാണ് പ്രസംഗത്തില്‍ വേറിട്ടുനിന്നത്.

ഇന്ത്യൻ നികുതിദായകർക്കുള്ള സമ്ബാദ്യത്തിന്റെ ഉത്സവമായ ‘ജിഎസ്ടി ബചത് ഉത്സവ്’ ന്റെ തുടക്കമായാണ് നാളെ മുതല്‍ നടപ്പാവുന്ന പുതുക്കിയ ജിഎസ്ടി ഘടനയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പുതിയ പരിഷ്കാരങ്ങളുടെ ഗുണങ്ങള്‍ എടുത്തുപറയുമ്ബോള്‍ ചില പദപ്രയോഗങ്ങളില്‍ ഊന്നല്‍ നല്‍കിയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ദാരിദ്ര്യത്തില്‍നിന്ന് മെച്ചപ്പെട്ട സാമൂഹിക-സാമ്ബത്തിക സ്ഥിതിയിലേക്ക് ഉയർന്ന 24 കോടിയിലധികം ഇന്ത്യക്കാരുടെ വളർന്നുവരുന്ന ഒരു വിഭാഗത്തെ വിശേഷിപ്പിക്കാനാണ് മോദി ‘നവ മധ്യവർഗ്’ എന്ന പദം ഉപയോഗിച്ചത്. അവശ്യസാധനങ്ങള്‍ക്ക് വില കുറയ്ക്കുകയും നികുതികള്‍ ലഘൂകരിക്കുകയും വില സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഈ പരിഷ്കാരങ്ങള്‍ ഈ വലിയ വിഭാഗത്തിന് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദൈനംദിന ഉപയോഗത്തിലുള്ള പല സാധനങ്ങളുടെയും (വീട്ടുപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍) ജിഎസ്ടി കുറച്ചുകൊണ്ട് കുടുംബങ്ങള്‍ക്ക് സമ്ബാദ്യം ഉറപ്പാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യമായാണ് ബച്ചത് ഉത്സവ് പ്രയോഗത്തിലൂടെ പ്രധാനമന്ത്രി മോദി സൂചിപ്പിച്ചത്. ഉത്സവകാലങ്ങളില്‍ അവതരിപ്പിക്കുന്നതിനാല്‍ ഈ പരിഷ്കാരങ്ങള്‍ ഒരു സമ്ബാദ്യ ഉത്സവമായാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആശ്വാസം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദായനികുതി പരിധി ഉയർത്തിയതും അതുവഴി ജനങ്ങളുടെ കയ്യിലെത്തുന്ന പണവും ഉത്സവകാലത്ത് ചെലവഴിക്കുക എന്ന പരോക്ഷ ആഹ്വാനവും ഈ പ്രയോഗത്തിലൂടെ മോദി നടത്തുന്നുണ്ട്.

നാഗരിക് ദേവോ ഭവയിലൂടെ രാജ്യത്തെ പൗരന്മാർക്കു വേണ്ടിയാണ് പുതിയ പരിഷ്കാരമെന്ന് സൂചിപ്പിക്കുകയായിരുന്നു മോദി. അതിലൂടെ ജനങ്ങളാണ് ദൈവമെന്ന് എടുത്തുപറയാനും അദ്ദേഹം മടിച്ചില്ല.