പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പോർച്ചുഗൽ, കരയാക്രമണം തുടർന്ന് ഇസ്രയേൽ
ലിസ്ബൺ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കി പോർച്ചുഗൽ. ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇല്ലാത്തതിന് പിന്നാലെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം. ന്യൂയോർക്കിൽ വച്ച് യുഎൻ ജനറൽ അസംബ്ലി അടുത്ത ആഴ്ച ചേരുന്നതിന് മുന്നോടിയായാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം എത്തുന്നത്. നേരത്തെ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ സമാനമായ പ്രഖ്യാപനം നേരത്തെ നടത്തിയികുന്നു. 2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്നുള്ള ഭീകരതയ്ക്ക് പ്രതിഫലം നൽകുകയാണ് ഇസ്രയേലെന്ന് വിശദമാക്കിയ ബെഞ്ചമിൻ നെതന്യാഹു പോർച്ചുഗലിന്റെ നീക്കത്തെ അപലപിച്ചു. ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയും നെതന്യാഹുവിന്റെ വാദത്തെ പിൻതുണയ്ക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. യുകെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനോട് സംസാരിക്കുന്നതിനിടെ പലസ്തീനെ അംഗീകരിക്കാനുള്ള നീക്കത്തോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
യുഎൻ പൊതുസഭയിൽ ലോക നേതാക്കൾ ഒത്തുകൂടാൻ തയ്യാറെടുക്കുമ്പോൾ, കരയാക്രമണം ശക്തമാക്കി ഇസ്രയേൽ
ഐക്യരാഷ്ട്രസഭയിലെ 193 അംഗങ്ങളിൽ മുക്കാൽ ഭാഗവും ഇതിനകം തന്നെ ഒരു പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. ഇതിനാലാണ് 2012 ൽ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി ലഭിച്ചത്. ചൊവ്വാഴ്ച നടക്കുന്ന യുഎൻ പൊതുസഭയിൽ ലോക നേതാക്കൾ ഒത്തുകൂടാൻ തയ്യാറെടുക്കുമ്പോൾ, കരയാക്രമണത്തിന്റെ ഭാഗമായി ഇസ്രായേലി ടാങ്കുകളും സൈനികരും ഗാസ നഗരത്തിലേക്ക് നീങ്ങുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഗാസയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുള്ളത്.
2023 ൽ തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ഗാസയിൽ ആരംഭിച്ച ആക്രമണത്തിൽ അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 65,141 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രദേശത്തിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.