Fincat

ഓണത്തിന് ശേഷം ഇറച്ചിക്കോഴിക്ക് വില ഉയരുന്നു; ദിവസംതോറും കൂടുന്നത് രണ്ടും മൂന്നും രൂപവീതം


ആലപ്പുഴ: ഒരിടവേളയ്ക്കുശേഷം ഇറച്ചിക്കോഴിക്ക് വില കൂടുന്നു. ദിവസംതോറും രണ്ടും മൂന്നും രൂപവീതമാണ് ഉയരുന്നത്. 135-145 രൂപയാണ് ഇപ്പോഴത്തെ വില.രണ്ടാഴ്ച മുൻപ് 115- 125 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.

ഓണത്തിനുശേഷമാണ് വിലക്കയറ്റം വീണ്ടുമെത്തുന്നത്. വ്യാപാരമാന്ദ്യം നിലനില്‍ക്കേ വിലക്കയറ്റം കൂടിയായപ്പോള്‍ വില്‍പ്പനയില്‍ 50 ശതമാനത്തോളം കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. ചിങ്ങം കഴിഞ്ഞതോടെ വിവാഹങ്ങള്‍ കുറഞ്ഞു. അവധിക്കാലം തീർന്നതോടെ യാത്രകളും കുറഞ്ഞു. ഇതോടെ ഹോട്ടലുകളിലും ആവശ്യം കുറഞ്ഞു. ഇതിനൊപ്പം ഉത്പാദനക്കുറവുമുണ്ടായി. ഇതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയും ദിനംപ്രതി കൂടിവരുന്നു. ശനിയാഴ്ച മൂന്നുരൂപയാണു കൂടിയത്. 33-40 രൂപയുണ്ടിപ്പോള്‍. ഒരാഴ്ച മുൻപുവരെ ഇത് 20-25 രൂപയായിരുന്നു.

1 st paragraph

തമിഴ്നാട്ടില്‍നിന്നാണ് കുഞ്ഞുങ്ങളെ കൂടുതല്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. കാലാവസ്ഥാവ്യതിയാനവും കോഴിത്തീറ്റവില വർധിച്ചതും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. 45 ദിവസംവരെയാണ് കോഴികളെ വളർത്തേണ്ടത്. ഒരു കോഴിക്ക് കുറഞ്ഞത് മൂന്നുകിലോ തീറ്റയെങ്കിലും വേണ്ടിവരും. വൈദ്യുതി, വെള്ളം, മരുന്ന് തുടങ്ങിയവയുടെ ചെലവ് വേറെയും. കൂടാതെ, രോഗങ്ങള്‍ കാരണം കോഴികള്‍ ചാകുന്നതും നഷ്ടത്തിന് ആക്കംകൂട്ടും.

വലിയ ഫാമുകളാണെങ്കില്‍ തൊഴിലാളികളുടെ കൂലിയും മറ്റു ചെലവുകളും ഏറും. കനത്ത ചൂടുസമയത്ത് കോഴികള്‍ക്ക് പ്രത്യേക പരിചരണവും നല്‍കണം. സീസണുകളില്‍പ്പോലും കാര്യമായ നേട്ടമില്ലാത്തതിനാല്‍ പലരും മേഖലവിട്ടുപോകുന്ന സ്ഥിതിയാണെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.

2nd paragraph