Fincat

ഫര്‍ഹാന്റെ AK-47 ന് മറുപടിയായി അഭിഷേകും ഗില്ലും ബ്രഹ്മോസ് തൊടുത്തുവിട്ടു – മുൻ പാക് താരം


ദുബായ്: ഇന്ത്യയ്ക്കെതിരേ ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലും പരാജയപ്പെട്ടതിനു പിന്നാലെ പാക് ടീമിനെതിരെ ആഞ്ഞടിച്ച്‌ മുൻ പാക് സ്പിന്നർ ഡാനിഷ് കനേറിയ.ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും നടത്തിയ വെടിക്കെട്ട് പ്രകടനം കണ്ട് പാക് താരങ്ങള്‍ സ്തംഭിച്ചുപോയെന്ന് കനേറിയ പറഞ്ഞു. സാഹിബ്സാദാ ഫർഹാൻ നടത്തിയ എകെ-47 ആഘോഷപ്രകടനത്തിന് മറുപടിയായി ഗില്ലും അഭിഷേകും ബാറ്റ് കൊണ്ട് ബ്രഹ്മോസ് തന്നെ തൊടുത്തുവിട്ടെന്ന് കനേറിയ കൂട്ടിച്ചേർത്തു.
സാഹിബ്സാദാ ഫർഹാൻ ഒരു എകെ-47ൻ്റെ ആംഗ്യം കാണിച്ചു. എന്നാല്‍ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ബാറ്റ് കൊണ്ട് സ്വന്തമായി ഒരു ബ്രഹ്മോസ് തന്നെ തൊടുത്തുവിട്ടു. അതിന് പിന്നാലെ ശർമ്മ ഒരു ഫ്ലയിങ് കിസ്സും നല്‍കി. അങ്ങനെയാണ് അത് ചെയ്യേണ്ടത്. ഇന്ത്യൻ ഓപ്പണർമാരുടെ പ്രത്യാക്രമണം അത്രയ്ക്കും വിനാശകരമായിരുന്നു. പാകിസ്താൻ കളിക്കാർ ആകെ സ്തംഭിച്ചുപോയി. – കനേറിയ ഐഎഎൻഎസിനോട് പറഞ്ഞു.
അഭിഷേക് ശർമ്മയെയും ശുഭ്മാൻ ഗില്ലിനെയും പോലുള്ള കളിക്കാർ ഓപ്പണർമാരായി ഉള്ളപ്പോള്‍, ഇത്തരമൊരു വിക്കറ്റില്‍ അവർക്കെതിരെ 200 റണ്‍സ് പോലും ഒരു ചെറിയ ടോട്ടലാണ്. ഇരുവരും ക്ലാസ് കളിക്കാരാണ്. – കനേറിയ കൂട്ടിച്ചേർത്തു.
അക്ഷർ പട്ടേലിനെ സിക്സറടിച്ച്‌ അമ്ബത് കടന്നതിന് പിന്നാലെയാണ് ഫർഹാൻ വിവാദ ആംഗ്യപ്രകടനം നടത്തുന്നത്. ഡഗ്‌ഔട്ടിനുനേരെ തിരിഞ്ഞ് ബാറ്റ് എടുത്തുയർത്തി വെടിയുതിർക്കുന്നതുപോലെ കാണിക്കുകയായിരുന്നു. മൈതാനത്തെ ഹസ്തദാന വിവാദവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഫർഹാന്റെ ഈ ആഘോഷ പ്രകടനം ചർച്ചയാകുന്നത്.

അതേസമയം ഫഖർ സമാന്റെ പുറത്താകല്‍ സംബന്ധിച്ച്‌ ഉയർന്നുവന്ന വിവാദങ്ങളിലും കനേറിയ പ്രതികരിച്ചു. ഇനി പാകിസ്താൻ മറ്റൊരു ബലിയാടിനെ തേടും. ഫഖർ സമാൻ്റെ പുറത്താകലില്‍ അവർ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. താൻ ഔട്ടല്ലായിരുന്നു എന്ന് പറഞ്ഞ് അവൻ ഇനി കരയും. സഞ്ജു സാംസണ്‍ എടുത്തത് ക്ലീൻ ക്യാച്ചായിരുന്നു. ഗ്ലൗസുകള്‍ പന്തിന് താഴെയായിരുന്നു. എന്നിട്ടും, സംശയത്തിന്റെ ആനുകൂല്യം പറഞ്ഞ് പാകിസ്താൻ ഇതിനെച്ചൊല്ലി ഉറപ്പായും വിലപിക്കും. – കനേറിയ പറഞ്ഞു.