Fincat

പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്; ടോൾ പുനഃസ്ഥാപിക്കുന്നത് 47 ദിവസത്തിന് ശേഷം

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾവിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിക്കും. കർശന ഉപാധികളുടെ ആകും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. 47 ദിവസത്തിനു ശേഷമായിരിക്കും ടോൾ പിരിവ് പുനരാരംഭിക്കുന്നത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമ്മാണത്തിന്റെ അപാകതകൾ ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയിലാണ് ടോളിന് വിലക്കേർപ്പെടുത്തിയത്.

ടോൾ നിരക്ക് വർധിപ്പിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി എന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് വീണ്ടും ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റിക്ക് ഡിവിഷൻ ബെഞ്ച് അംഗീകാരം നൽകുന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനു ശേഷം പുതുക്കിയ നിരക്കിന്റെ അടിസ്ഥാനത്തിലാകും ടോൾ പിരിക്കുക.

ടോൾ പിരിവിനുള്ള ഉത്തരവ് അടിയന്തരമായി നൽകണമെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കവെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.