“കടലിന്റെ നിറങ്ങള്‍ എന്റെ മാധവിക്കുട്ടിയമ്മയ്ക്ക് ചേരും”
കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാൻ മാതൃഭൂമി ബുക്സ് സ്റ്റാളിനു മുന്നിലെത്തിയ മഞ്ജുവാരിയരുടെ കണ്ണുകള്‍ സദസ്സിലെ ഒരാളെക്കണ്ടതും നിറഞ്ഞു ചിരിച്ചു.മാധവിക്കുട്ടിയുടെ അനിയത്തി ഡോ. സുലോചന നാലാപ്പാട്ടായിരുന്നു അത്. വേദിയിലേക്ക് കയറുംമുന്നേ സുലോചന നാലാപ്പാട്ടിന്റെ കൈപിടിച്ച് വിശേഷങ്ങള്‍ ചോദിച്ചു. സിനിമയില്‍ തന്റെ ചേച്ചിയായി അഭിനയിച്ച ‘ആമി’യെ അടുത്തു കണ്ടപ്പോള്‍ സുലോചന നാലാപ്പാട്ടിനും സന്തോഷം.
‘മാധവിക്കുട്ടി എന്ന പേര് എന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ കടന്നുവന്നിട്ടുണ്ട്. മാധവിക്കുട്ടി എന്ന് പറയുന്നതില്‍ എനിക്കെപ്പോഴും ഒരു മടിയുണ്ട്. മാധവിക്കുട്ടിയമ്മ എന്ന് അറിയാതെ തന്നെ വരും’ – കാക്കനാട് മാതൃഭൂമി ബുക്സ് സ്റ്റാളില്‍ നടന്ന ചടങ്ങില്‍ ഡോ. കെ. ആശ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മാധവിക്കുട്ടിയുടെ ജീവചരിത്രം ‘മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍’ എഴുത്തുകാരൻ ഡോ. ജി.ആർ. ഇന്ദുഗോപന് നല്‍കി പ്രകാശനം ചെയ്ത് മഞ്ജുവാരിയർ പറഞ്ഞു തുടങ്ങി. ”മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കാളുപരി മാധവിക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് അദ്‌ഭുതത്തോടെ ഒരുപാട് കാര്യങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്. എന്തോ ഒരു അടുപ്പവും ഒരുപാട് സ്നേഹവും ആരാധനയുമൊക്കെ തോന്നിയിട്ടുണ്ട്. അവരെക്കുറിച്ചുള്ള കഥ സിനിമയായപ്പോള്‍ മാധവിക്കുട്ടിയായി അഭിനയിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഇന്നും കണക്കാക്കുന്നു. കടലിന്റെ നിറങ്ങള്‍ എന്ന പേര് ഈ പുസ്തകത്തിന് ഉചിതമാണ്. തിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞതാണ് കടല്‍. മാധവിക്കുട്ടിയമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ചേരുന്ന പേരാണിത്” – മഞ്ജുവാരിയർ പറഞ്ഞു.
”നമ്മുടെ ഭാവനയ്ക്ക് വലിയ സാധ്യതയുള്ളയിടമാണ് വായന. ചെമ്മീൻ നോവല്‍ വായിച്ചവർക്കെല്ലാം വേറെ വേറെ കറുത്തമ്മകളാണെങ്കിലും ആ സിനിമ കണ്ടവർക്കെല്ലാം ഷീലാമ്മ മാത്രമാണ് കറുത്തമ്മ. മറ്റൊരാളെ ചിന്തിക്കാൻ പറ്റില്ല. വായനയും കാഴ്ചയും തമ്മിലുള്ള വ്യത്യാസം അതാണ്” – ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ നടൻ രമേഷ് പിഷാരടി പറഞ്ഞു. ”നമ്മള്‍ക്ക് അറിയാവുന്ന, നമ്മള്‍ വായിച്ചിട്ടുള്ള ഒരു എഴുത്തുകാരിയെ മറ്റൊരു കാഴ്ചയിലൂടെ കാണുന്നത് എപ്പോഴും വലിയ സാധ്യത തുറക്കുന്നതാണ്. ഒരു എഴുത്തുകാരി അവരുടെ എഴുത്തിലൂടെ മാത്രമല്ല മറ്റുള്ളവരുടെ എഴുത്തിലൂടെയും അറിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്” – പിഷാരടി പറഞ്ഞു.
മാധവിക്കുട്ടിയെക്കുറിച്ച് അത്രകണ്ട് അനുഭവസൗരഭ്യം പകരുന്ന പുസ്തകങ്ങള്‍ ഇതിനുമുൻപ് അധികം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ജി.ആർ. ഇന്ദുഗോപൻ പറഞ്ഞു. ജീവിതത്തെ എങ്ങനെ തൊട്ടെടുക്കാനാകുന്നു എന്നതാണ് ഒരു ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രസക്തി. അത് വളരെ ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ കാണാം. പുസ്തകമെഴുതുമ്ബോള്‍ എങ്ങനെ വേട്ടയാടപ്പെടുന്നു എന്നും ഈ കൃതിയില്‍ കൃത്യമായി പറഞ്ഞുപോകുന്നുണ്ടെന്നും ഇന്ദുഗോപൻ പറഞ്ഞു.
പ്രകാശന ചടങ്ങിനുശേഷം ഡോ. ആശ, ഡോ. സുലോചന നാലാപ്പാട്ടിന് പുസ്തകം സമ്മാനിച്ചു. ഡോ. എം. ലീലാവതി ടീച്ചർക്കുള്ള പുസ്തകം സദസ്സിലിരുന്ന ടീച്ചറുടെ മകൻ വിനയകുമാറിനു സമ്മാനിച്ചു. ഡോ. ആശയുടെ ഭർത്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍, മക്കളായ ഗോകുല്‍, പാർവതി എന്നിവരും ചടങ്ങിനെത്തിയിരുന്നു.
എഴുത്തുകാരായ തനൂജ ഭട്ടതിരി, ബാബു ജോസ്, നിർമാതാവ് ആന്റോ ജോസഫ്, മാതൃഭൂമി വൈസ് പ്രസിഡന്റ് (പബ്ലിക് റിലേഷൻ), പി.വി. മിനി, മാതൃഭൂമി സീനിയർ ജനറല്‍ മാനേജർ (പബ്ലിക് റിലേഷൻ) കെ.ആർ. പ്രമോദ്, മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാദാസ്, സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, മാതൃഭൂമി ബുക്സ് സീനിയർ മാനേജർ (പബ്ലിക്കേഷൻ) കെ. നൗഷാദ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുള്‍റഹ്മാൻ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.