GST 2.0 | വില കുറച്ചപ്പോൾ മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ കാർ ഏത് ?
ജിഎസ്ടി നിരക്ക് കുറച്ചതോടെ രാജ്യത്തെ കാര്‍ വിലകളില്‍ മാറ്റം നിലവില്‍ വന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കാര്‍ വിലയില്‍ വലിയ കുറവുകളാണ് വരുത്തിയിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷം മാരുതിയുടെ ആള്‍ട്ടോയെ പിന്തള്ളി മിനി എസ്‌യുവിയായ എസ്-പ്രസ്സോ ഏറ്റവും വില കുറഞ്ഞ കാറായി മാറി. കാര്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള എസ് പ്രസ്സോ, ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ എന്നിവയുടെ വിലക്കുറവ് വ്യാഴാഴ്ചയാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് ജിഎസ്ടിയിലെ ഇളവ് കൂടി ഉൾപ്പെടുത്തിയാണിത്. വിലക്കുറവ് 9 ശതമാനം മുതല്‍ 24 ശതമാനം വരെയാകുമെന്ന് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എസ്-പ്രസ്സോയുടെ അടിസ്ഥാന മോഡലിന്റെ വിലയില്‍ 18 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് വിലയില്‍ 76,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതോടെ കാറിന്റെ വില 3.49 ലക്ഷം രൂപയായി കുറയും. അതേസമയം, ആള്‍ട്ടോയുടെ വില 12.5 ശതമാനം അഥവാ 53,100 രൂപയാണ് കുറയുക. ഇതോടെ കാറിന്റെ വില 3.69 ലക്ഷം രൂപയിൽ ആരംഭിക്കും. വിലക്കുറവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് എസ്-പ്രസ്സോയുടെയും ആള്‍ട്ടോയുടെയും വില യഥാക്രമം 4.26 ലക്ഷം രൂപയും 4.23 ലക്ഷം രൂപയുമായിരുന്നു.
വിലക്കയറ്റം കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിമാന്‍ഡ് ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്ന എന്‍ട്രി ലെവല്‍ മോഡലുകളുടെ ആവശ്യകത വര്‍ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാരുതിയുടെ ചെറുകാറുകളുടെ വില്‍പ്പനയില്‍(ആള്‍ട്ടോ, എസ്-പ്രസ്സോ) 35 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പുതിയതിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഇരുചക്രവാഹന ഉടമകളെയും ചെറുകാറുകളുടെ വിലക്കുറവ് ആകര്‍ഷിക്കുമെന്ന് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നു.