Fincat

ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ ശക്തമാകുന്നു, പുതിയ പദ്ധതിക്ക് തുടക്കം

മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യൻ എംബസി മസ്കറ്റിൽ ഇന്ത്യൻ-ഒമാൻ നെറ്റ്‍വര്‍ക്ക് (ഐഒഎൻ) എന്ന പുതിയ വേദി പ്രഖ്യാപിച്ചു.സർക്കാർ പ്രതിനിധികളും വ്യവസായ നേതാക്കളും, ചിന്തകന്മാരും ഉൾപ്പെടെയുള്ള വിവിധ തലങ്ങളിലെ പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരുന്നതിന് രൂപപ്പെടുത്തിയിട്ടുള്ളതാണിത്.

‘ട്രാക്ക് 1.5’ മാതൃകയിലുള്ള ഹൈബ്രിഡ് ഫോറമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഐ.ഒ.എൻ, ഇന്ത്യ-ഒമാൻ സഹകരണത്തിനുള്ള ഒരു പുതിയ ചാലകമായി പ്രവർത്തിക്കും. ഇന്ത്യ-ഒമാൻ ബന്ധത്തിൽ വ്യാപാര, നിക്ഷേപ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിലുള്ള പ്രധാന പങ്കാളികളെ പരസ്പരം ബന്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി ശ്രീനിവാസ് പറഞ്ഞു. പരമ്പരാഗതമായ ട്രേഡ് ഡെലിഗേഷൻസ്, പ്രദർശനങ്ങൾ, ബിസിനസ് മീറ്റിംഗുകൾ, ബി-ടു-ബി കോൺഫറൻസുകൾ തുടങ്ങിയ പരിപാടികൾ കൂടാതെ ഈ ഓൺലൈൻ പ്ലഗിൻ വഴി കൂടുതൽ ഇടപെടാനും മീറ്റിംഗുകൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമത ഉള്ളവയാക്കി തീർക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കും ഒമാനുമിടയിലെ ദീർഘകാല ബന്ധങ്ങൾക്ക് പുതിയ പ്രചോദനമായി ഇന്ത്യ-ഒമാൻ നെറ്റ്വർക്ക് പ്രവർത്തിക്കുമെന്നാണ്‌ വിലയിരുത്തൽ. ഇന്ത്യയുടെ 2047 വികസന ദൗത്യവും ഒമാൻ പ്രഖ്യാപിച്ചിട്ടുള്ള വിഷൻ 2040 ഉം തമ്മിലുള്ള സമന്വയം ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ നെറ്റ്‍വർക്കം ഉഭയകക്ഷി സഹകരണത്തിനായി പുതിയ വഴികൾ തുറക്കുകയാണ്. വ്യാപാരം, സാങ്കേതികവിദ്യ, വിനോദ സഞ്ചാരം, പ്രതിഭ, പാരമ്പര്യം എന്ന പ്രധാന അഞ്ച് വിഭാഗങ്ങൾക്കായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ച ദൗത്യത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ-ഒമാൻ നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

 

സ്വകാര്യ വ്യവസായികൾ, നിക്ഷേപകർ, ശാസ്ത്രീയ വിദഗ്ധർ, സർവ്വകലാശാലകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ആധികാരികവും സംവേദനാത്മകവുമായ സംഭാഷണത്തിന് ഇന്ത്യ- ഒമാൻ നെറ്റ്‌വർക്കിലൂടെ അവസരം ലഭിക്കുന്നു എന്നതാണ് ഇതിലൂടെ ലഭിക്കുന്ന പ്രധാന പ്രയോജനം. ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കരണങ്ങളായ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, ഗ്രീൻ എനർജി, ആയുഷ്മാൻ ഭാരത്, ഒരു നാട് ഒരു വിപണി , തുടങ്ങിയ പ്രധാന പദ്ധതികളും , ഒമാന്‍റെ ഉദ്ദേശ്യങ്ങളുമായും വികസന കാതലുകളുമായും പൊരുത്തപ്പെടുവാൻ കഴിയും.

ഇന്ത്യയുടെ ബ്രോമിൻ ഡെറിവേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒമാനിൽ നിക്ഷേപം നടത്തുവാൻ താത്പര്യം കാണിക്കുന്നുവെന്നത്, ഈ നെറ്റ്വർക്ക് വഴി നടപ്പിലാക്കാവുന്ന ഏകോപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ആധുനിക വെബ് പോർട്ടലും കീവേഡുകൾ വഴി വിവരങ്ങൾ തിരയാനാകുന്ന സംവിധാനവുമുള്ള ഈ നെറ്റ്വർക്ക്, ഉഭയകക്ഷി സംവാദം, വ്യാപാര-നിക്ഷേപ സാധ്യതകൾ, സാങ്കേതിക സഹകരണങ്ങൾ, വിദ്യാഭ്യാസ-വൈദ്യശാസ്ത്ര രംഗത്തെ ഇടപെടലുകൾ എന്നിവയിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണു സംരംഭം ആരംഭിച്ചിരിക്കുന്നത്.